കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ റോഡിൽ കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന് മുൻവശത്ത് സ്റ്റേഡിയം മതിലിനോട് ചേർന്ന് നഗരസഭ നടത്തുന്ന ഡ്രൈനേജ് നിർമ്മാണ പ്രവർത്തി വൻ ദുരന്തത്തിലേക്ക് നയിക്കുവാൻ ഇടയാകും എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുൺ മണമലും നോർത്ത് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടിയും പറഞ്ഞു. തോരാതെ പെയ്യുന്ന പെരുമഴയത്ത് സാമാന്യ യുക്തിയുള്ള ആളുകൾ ചെയ്യുന്ന നടപടിയല്ല കൊയിലാണ്ടി നഗരസഭ ആരംഭിച്ചിരിക്കുന്നത്. സ്റ്റേഡിയം മതിലിന്റെ നിർമ്മാണ പ്രവർത്തി നടക്കുന്ന സമയത്ത് മണ്ണിടിഞ്ഞുവീണ് ജോലിക്കാർ മരണപ്പെട്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത്തരം ഘട്ടത്തിലാണ് യാതൊരു തരത്തിലുമുള്ള സുരക്ഷാ മാനദണ്ഡവും പാലിക്കാതെ വേനൽക്കാലത്ത് നടത്തേണ്ട നിർമ്മാണ പ്രവർത്തി കനത്ത മഴ പെയ്യുന്ന കർക്കിടക മാസത്തിൽ ആരംഭിച്ചിരിക്കുന്നത്. ഇത്രയും അപകടസാധ്യത നിലനിൽക്കുന്ന ഒരു സാഹചര്യത്തിൽ പണിയെടുക്കുന്ന തൊഴിലാളികളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് ആവശ്യമായ യാതൊരു മുൻകരുതലുകളും ഇവിടെ സ്വീകരിക്കപ്പെട്ടിട്ടില്ല.
നിർബന്ധമായും ഉണ്ടായിരിക്കേണ്ട അപായ ബോർഡുകളും റിബണുകളും സ്ഥാപിച്ചിട്ടുമില്ല. ഇത്തരം ഒരു നിർമ്മാണ പ്രവർത്തി നടത്തേണ്ട യാതൊരുതരത്തിലുമുള്ള അടിയന്തര സാഹചര്യവും ഇവിടെ നിലവിലില്ല. ദിവസേന കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളും, റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന വലിയ ജനക്കൂട്ടവും സഞ്ചരിക്കുന്ന വഴിയാണിത്. ദുരന്തം വിളിച്ചുവരുത്തുന്ന നഗരസഭയുടെ നടപടിക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും കോൺഗ്രസ് നേതാക്കൾ സൂചിപ്പിച്ചു.