വിഷവാതകം ശ്വസിച്ച് കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു; അപകടം മംഗളൂരുവിലെ റിഫൈനറിയിൽ

news image
Jul 12, 2025, 1:45 pm GMT+0000 payyolionline.in

ബെംഗളൂരു: മംഗളൂരുവിൽ വിഷവാതകം ശ്വസിച്ച് മലയാളി ഉൾപ്പെടെ രണ്ടു ജീവനക്കാർക്ക് ദാരുണാന്ത്യം. എംആർപിഎല്ലിലാണ് (മാംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ്) വിഷവാതകച്ചോർച്ച ഉണ്ടായത്. ഫീൽഡ് ഓപ്പറേറ്റർമാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ് (33), പ്രയാഗ്‌രാജില്‍നിന്നുള്ള ദീപ് ചന്ദ്ര (32) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ എട്ട് മണിയോടെ ഇരുവരും ടാങ്ക് പരിശോധിക്കുകയായിരുന്നെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. പിന്നീട് ഇരുവരേയും ടാങ്കിന്റെ മേൽഭാഗത്തായി അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ കമ്പനിയുടെ പ്രഥമശുശ്രൂഷാ വിഭാഗത്തിലേക്ക് മാറ്റി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മറ്റൊരു ഓപ്പറേറ്റർ ചികിത്സയിലാണെന്നും ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അപകടത്തിനുള്ള കാരണം എന്താണെന്ന് കമ്പനി വിശദീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എംആർപിഎൽ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആഭ്യന്തര അന്വേഷണത്തിന് ശേഷം ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe