ദില്ലിയില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ദില്ലിയിലും സമീപപ്രദേശങ്ങളിലും ഭൂകമ്പമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ഹരിയാനയിലെ ജജ്ജര്‍ ആണ് പ്രഭവകേന്ദ്രം. ഇന്ന് രാവിലെ 9.04 നാണ് ഭൂകമ്പം ഉണ്ടായത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജി റിപ്പോർട്ട് പ്രകാരം, ഭൂകമ്പത്തിന്റെ ആഴം 10 കിലോമീറ്ററാണ്. ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും ഫാനുകളും മറ്റ് വീട്ടുപകരണങ്ങളും ആടിയുലഞ്ഞു. തുടര്‍ന്ന് പരിഭ്രാന്തരായ താമസക്കാര്‍ വീട് വിട്ടിറങ്ങി. നോയിഡയിലെയും ഗുരുഗ്രാമിലെയും ഓഫീസ് പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.
ഹരിയാനയിലെ ഗുരുഗ്രാം, റോഹ്തക്, ദാദ്രി, ബഹാദൂര്‍ഗഡ് എന്നിവിടങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ജജ്ജാറിലെ പ്രഭവകേന്ദ്രത്തില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെ, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മീററ്റ്, ഷംലി എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൂകമ്പം ഉണ്ടായ ഉടന്‍ തന്നെ ദേശീയ ദുരന്ത നിവാരണ സേന (NDRF) മുന്നറിയിപ്പ് നല്കി. പരിഭ്രാന്തരാകരുതെന്നും പുറത്തേക്ക് ഓടരുതെന്നും പടികള്‍ കയറരുതെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.