പയ്യോളി: യുവകലാസാഹിതി സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിൻ്റെ ഭാഗമായി പയ്യോളി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുന്നു.
വൃക്ഷത്തൈകൾ വെച്ച് പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം അയനിക്കാട് ചൊറിയൻചാലിൽ ആപ്പിൾ ചാമ്പക്ക വൃക്ഷത്തൈ നട്ടുകൊണ്ട് കേരള സർക്കാറിന്റെ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ നിർവഹിച്ചു.
പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഏറ്റവും ഉൽകൃഷ്ടമായത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതാണ് എന്നും നട്ടുപിടിപ്പിച്ച വൃക്ഷത്തൈകൾ സംരക്ഷിക്കാനുള്ള ശ്രദ്ധ കൂടെ ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു. യുവകലാസാഹിതി മേഖല പ്രസിഡണ്ട് സിസി ഗംഗാധരൻ അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് ശശികുമാർ പുറമേരി മുഖ്യാതിഥി ആയി. ജില്ലാ ജോയിൻറ് സെക്രട്ടറി പ്രദീപൻ കണിയാരിക്കൽ, മേഖല വൈസ് പ്രസിഡണ്ട് കെ ശശിധരൻ, ഉത്തമൻ പയ്യോളി തുടങ്ങിയവർ സംസാരിച്ചു.
പ്രദീപൻ കണിയാരിക്കൽ പരിസ്ഥിതി കവിത ചൊല്ലി. വരുംദിവസങ്ങളിൽ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കും. ഇവയുടെ ഫോട്ടോകൾ സംഘടനയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും നിശ്ചിത ഇടവേളകളിൽ വളർച്ച സൂചിപ്പിക്കുന്നതിന്റെ ഫോട്ടോകൾ പിന്നീട് പങ്കുവെക്കുകയും ചെയ്യും.യുവകലാസാഹിതി മേഖല കൺവെൻഷൻ ജൂലൈ 27 മേലടി എം എൽ പി സ്കൂളിൽ ചേരും.