രാജ്യത്ത് ഗണിതത്തിൽ സ്കൂൾ കുട്ടികൾ ഏറെ പിന്നിലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ റിപ്പോര്‍ട്ട്. അതേസമയം, ദേശീയ ശരാശരിയിലും ഏറെ മുന്നിലാണ് കേരളം. മൂന്നാം ക്ലാസ് കുട്ടികളില്‍ 99 വരെ മുകളിലേയ്ക്കും താഴേയ്ക്കും കൃത്യമായി എണ്ണാന്‍ അറിയാവുന്നത് രാജ്യത്താകെ 55 ശതമാനം പേര്‍ക്ക് മാത്രമാണ്. അതേസമയം, കേരളത്തിൽ ഇത് 72 ശതമാനം ആണ്.
രാജ്യത്ത് ആറാം ക്ലാസിലെ കുട്ടികളില്‍ 10 വരെയുള്ള ഗുണനപ്പട്ടിക അറിയാവുന്നത് 53 ശതമാനത്തിന് മാത്രമാണെന്നും സർവേ വ്യക്തമാക്കുന്നു. അതേസമയം, കേരളത്തിൽ ഇത് 64 ശതമാനം പേര്‍ക്കാണ്. രാജ്യത്ത് ഒൻപതാം ക്ലാസില്‍ ശതമാനം കൃത്യമായി അറിയാവുന്നത് 28 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ്. കേരളത്തിലാകട്ടെ 31 ശതമാനമാണ്.
സംസ്ഥാനത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളില്‍ പരിസ്ഥിതി പ്രതിഭാസങ്ങളെക്കുറിച്ച് കൃത്യമായി 46 ശതമാനം വിദ്യാര്‍ഥികള്‍ക്ക് അറിയാം. ദേശീയ തലത്തില്‍ ഇത് 33 ശതമാനമാണ്. പരിസ്ഥിതി, കാലാവസ്ഥ, മണ്ണിന്റെ രൂപപ്പെടല്‍, നദികളുടെ ഒഴുക്ക് ഉൾപ്പെടെയാണ് പരിസ്ഥിതി പ്രതിഭാസം.