ബംഗളൂരു: മലയാളികളടക്കം നിരവധി നിക്ഷേപകരുടെ പണവുമായി ബംഗളൂരുവിലെ ചിട്ടിയുടമകളായ മലയാളി ദമ്പതികൾ മുങ്ങിയ സംഭവത്തിൽ അന്വേഷണം ഊർജിതം. തിങ്കളാഴ്ച വരെ 370 പേർ പരാതിയുമായി രംഗത്തെത്തി. ഇനിയും ആയിരത്തോളം പേർകൂടി നിക്ഷേപകരായുണ്ടെന്നാണ് വിവരം. പുറത്തുവന്ന കണക്കു പ്രകാരം, 100 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.
കേസിൽ ഉൾപ്പെട്ടവരിൽ അധികവും പ്രവാസി മലയാളികളായതിനാൽ, കേസ് ഊർജിതമാക്കാൻ രാഷ്ട്രീയസമ്മർദവുമുണ്ട്. വൈകാതെ, കേസ് സി.ഐ.ഡിക്ക് കൈമാറാനാണ് നീക്കം. രാമമൂർത്തി നഗറിലെ എ ആൻഡ് എ ചിറ്റ് ഫണ്ട്സ് ഉടമകളായ ആലപ്പുഴ രാമങ്കരി സ്വദേശി ടോമി എ. വർഗീസ്, ഭാര്യ ഷൈനി ടോമി എന്നിവരാണ് നിക്ഷേപകരുടെ നൂറുകോടിയോളം രൂപ വെട്ടിച്ച് മുങ്ങിയത്. നിക്ഷേപകരുടെ പരാതിയിൽ കഴിഞ്ഞദിവസം രാമമൂർത്തി നഗർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു.
ബംഗളൂരുവിലെ വീടും വാഹനങ്ങളും വിറ്റ ഇവർ ബുധനാഴ്ചയോടെ ബംഗളൂരുവിൽനിന്ന് കടന്നതായാണ് വിവരം. കമ്പനി ജീവനക്കാരെ വിവരമറിയിക്കാതെയാണ് ദമ്പതികൾ ബംഗളൂരു വിട്ടത്. ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. രാമമൂർത്തി നഗർ സ്വദേശിയും റിട്ട. ജീവനക്കാരനുമായ പി.ടി. സാവിയോ പരാതിയുമായി പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് മറ്റു നിക്ഷേപകരും പരാതി നൽകിയത്. 70 ലക്ഷത്തോളം രൂപ സാവിയോ ചിട്ടിക്കമ്പനിയിൽ നിക്ഷേപിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ കണ്ടത്തിയത്. ഇതിനു പുറമെ, മലയാളി സംഘടനകളുടെ വിശ്വാസമാർജിച്ചും പരിപാടികൾക്കായി വൻതുക സംഭാവന നൽകിയും നിക്ഷേപകരെ കണ്ടെത്തി. കഴിഞ്ഞയാഴ്ചവരെ പലിശയിനത്തിൽ നിക്ഷേപകർക്ക് പണം നൽകിയ കമ്പനി ഉടമകൾ, ഒരു സൂചനയും നൽകാതെ നിക്ഷേപത്തുകയുമായി മുങ്ങുകയായിരുന്നു.