വെളിച്ചെണ്ണ വിലയെ പിടിച്ചുകെട്ടും, ഓണത്തിന് വെളിച്ചെണ്ണയുടെ ലഭ്യത ഉറപ്പാക്കുമെന്ന് സംസ്ഥാന കൃഷി മന്ത്രി

news image
Jul 7, 2025, 3:16 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് വെളിച്ചെണ്ണ ലഭ്യത ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നതായി റിപ്പോർട്ട്. സംസ്ഥാനത്ത് വെളിച്ചെണ്ണ വില റെക്കോർ‍ഡുകൾ മറികടന്നതോടെയാണ് സർക്കാരിന്റെ ഈ നീക്കം എന്നാണ് സൂചന. കൊപ്രയുടെ ക്ഷാമവും വില കുതിച്ചുയരുന്നതും വെളിച്ചെണ്ണ വിലയെ കുത്തനെ ഉയർത്തിയിട്ടുണ്ട്. അതിനാൽ, കേരഫെഡ് – നാളികേര കർഷകരുടെ സഹകരണ ഫെഡറേഷൻ വഴി സർക്കാർ അസംസ്‌കൃത തേങ്ങ സംഭരിക്കുന്ന പ്രക്രിയയിലാണെന്നും അത് പിന്നീട് കൊപ്രയാക്കി മാറ്റുമെന്നും സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞാതായി ബിസിനസ്‌ലൈൻ റിപ്പോർട്ട് ചെയ്തു.

കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ എന്നിവിടങഅങളിൽ നിന്ന് നാളികേര വികസന ബോർഡ് നിശ്ചയിച്ചിട്ടുള്ള സംഭരണ ​​വിലയേക്കാൾ ഒരു രൂപ കൂടുതൽ വിലയ്ക്ക് തേങ്ങ സംഭരിക്കാൻ കേരഫെഡിന് കീഴിലുള്ള പ്രാഥമിക സംഘങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടാതെ, പൊതു വിപണിയിൽ നിന്ന് 500 ടൺ കൂടി സംഭരിക്കുന്നതിന് ടെൻഡറുകൾ വിളിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും വിലക്കയറ്റം സർക്കാരിന് മുന്നിൽ ഒരു ആശങ്ക തന്നെയാണെന്ന് മന്ത്രി പറഞ്ഞു.

ലോകമെമ്പാടും നാളികേര ഉൽപാദനത്തിൽ 25 ശതമാനം കുറവുണ്ടായതായും ദക്ഷിണേന്ത്യയിൽ ഈ കണക്ക് 40 ശതമാനമാണെന്നും മന്ത്രി പറഞ്ഞു. പ്രതിവർഷം കേരളത്തിൽ മൂന്ന് ലക്ഷം ടൺ വെളിച്ചെണ്ണ ഉപഭോഗമാണ് കണക്കാക്കപ്പെടുന്നത്.

കൊപ്രയ്ക്ക് കേരളം അയൽ സംസ്ഥാനമായ തമിഴ്‌നാടിനെയാണ് ആശ്രയിക്കുന്നത്, കൃഷിയിടങ്ങളിൽ ഉണ്ടായ കനത്ത മഴ കൊപ്രകളിൽ ഫംഗസ് വരാൻ കാരണമാക്കി. ഇത് വെളിച്ചെണ്ണ നിർമ്മാണത്തെ ബാധിച്ചിട്ടുണ്ട് ഒപ്പം ​വെളിച്ചെണ്ണയുടെ ​ഗുണനിലവാരത്തെയും. കേരഫെഡ് ഉൽപ്പാദിപ്പിക്കുന്ന വെളിച്ചെണ്ണയുടെ ഗുണനിലവാരം സർക്കാർ ഉറപ്പാക്കുമെന്നും, സംസ്ഥാനത്ത് അടുത്തിടെയായി വ്യാപകമായിക്കൊണ്ടിരിക്കുന്ന, കുറഞ്ഞ വിലയ്ക്ക് മായം ചേർത്ത എണ്ണയുടെ വിൽപ്പന തടയാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പാമോലിൻ, സൂര്യകാന്തി എണ്ണ തുടങ്ങിയ ഭക്ഷ്യ എണ്ണകളുടെ വില ലിറ്ററിന് യഥാക്രമം 120 രൂപയും 150 രൂപയും ആയിരിക്കുമ്പോൾ വെളിച്ചെണ്ണയുടെ ചില്ലറ വിൽപ്പന വില 450 രൂപയ്ക്ക് മുകളിലാണ്. കേരളത്തിൽ കൊപ്ര വില കിലോയ്ക്ക് 255 രൂപയും തമിഴ്‌നാട്ടിൽ 245 രൂപയുമാണ്. കേരളത്തിൽ വെളിച്ചെണ്ണയുടെ മൊത്തവില 384 രൂപയും തമിഴ്‌നാട്ടിൽ 380 രൂപയുമാണ്. എന്നിരുന്നാലും, തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കൊപ്ര എത്താൻ തുടങ്ങിയതിനാൽ വില കുറയുമെന്ന് വിപണി പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe