പയ്യോളി : തുടർച്ചയായ മഴയെ തുടർന്ന് മൂരാട് ഓയിൽ മില്ലിനു സമീപമുള്ള സർവീസ് റോഡിൽ രൂപപ്പെട്ട കൂറ്റൻ വെള്ളക്കെട്ട് യാത്രക്കാരെ വലിയ പ്രശ്നത്തിലാക്കി. റോഡിൽ നിരവധി വലിയ കുഴികള്‍ ഉള്ളതിനാൽ ബൈക്ക് യാത്രക്കാർ പതിവായി കുഴിയില്‍ വീഴുന്നുണ്ടെന്നും അപകടങ്ങൾ പതിവായിത്തീർന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
വെള്ളക്കെട്ട് കാരണം കുട്ടികൾക്കും തൊഴിലാളികൾക്കും സ്കൂളിലേക്കും ജോലി സ്ഥലങ്ങളിലേക്കും എത്താൻ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. പല വിദ്യാർത്ഥികൾക്കും രാവിലെ പത്ത് മണിക്ക് ശേഷമാണ് സ്കൂളിൽ എത്താൻ കഴിയുന്നത്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകൾ കൂടി വർധിച്ചിരിക്കുകയാണ്.
വെള്ളക്കെട്ട് മൂലം റോഡിലൂടെ യാത്ര ചെയ്യുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു. കുഴികൾ നിറഞ്ഞ റോഡിൽ എവിടെയാണ് കുഴിയെന്ന് തിരിച്ചറിയാൻ പോലും കഴിയുന്നില്ല.വലിയ വാഹനങ്ങൾ യാത്ര ചെയ്യുന്നത് ഏറെ സുരക്ഷയോടെയായാണ്. പ്രദേശവാസികളാണ് വാഹനങ്ങളെ കുഴികളിൽ നിന്നും ഒഴിവാക്കി മുന്നോട്ട് വിട്ട് അപകടങ്ങൾ ഒഴിവാക്കുന്നത്. താത്കാലികമായെങ്കിലും പ്രദേശത്ത് ഡ്രെയിനേജ് സംവിധാനം സജ്ജമാക്കുകയും കുഴികൾ അടക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. മുൻപും ഇതേ പ്രശ്നം നിലനിന്നിരുന്നെങ്കിലും അധികാരികൾ വേണ്ടത്ര നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.