അബദ്ധത്തില്‍ ഗൂഗിള്‍ പേ വഴി കൈമാറിയത് 50000 രൂപ; പണം കിട്ടിയത് ഒരു സ്ത്രീയുടെ അക്കൗണ്ടില്‍

news image
Jul 6, 2025, 12:43 pm GMT+0000 payyolionline.in

കോട്ടയം: ഗൂഗിള്‍ പേ നമ്പര്‍ മാറിപ്പോയ യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് 50,000 രൂപ കിട്ടിയത് മഹാരാഷ്ട്രയിലെ ഒരു സ്ത്രീക്ക്. പുതുപ്പള്ളി സ്വദേശി ഷിബുവിന് പക്ഷേ പണം മുഴുവന്‍ തിരികെ കിട്ടി. കോട്ടയം സൈബര്‍ പൊലീസിന്റെ കൃത്യമായ ഇടപെടലും അന്വേഷണവുമാണ് പണം തിരികെ കിട്ടാന്‍ സഹായിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. റബര്‍ കമ്പനിയിലെ ജീവനക്കാരനാണ് ഷിബു. കമ്പനി നിര്‍ദേശിച്ച നമ്പറിലേക്ക് 50,000 രൂപ ഗൂഗിള്‍ പേ ചെയ്തതായിരുന്നു.

നമ്പര്‍ തെറ്റിയത് കാരണം മറ്റൊരാളുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. അബദ്ധം മനസ്സിലാക്കിയ ഉടനെ തന്നെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കുമായി ഇയാള്‍ ബന്ധപ്പെടുകയായിരുന്നു. പണം തിരികെ കിട്ടുന്നതിന് മറ്റ് തടസ്സങ്ങളില്ലെന്നും എന്നാല്‍ ആരുടെ അക്കൗണ്ടിലേക്കാണോ പണം പോയത് അവര്‍ അത് ചെലവാക്കിയാല്‍ പണം തിരികെ കിട്ടുന്നത് പ്രയാസകരമായിരിക്കുമെന്നുമാണ് ബാങ്ക് അധികൃതര്‍ അറിയിച്ചത്.

തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നിര്‍ദേശിച്ചത് അനുസരിച്ച് ഷിബു ഈ വിഷയം കോട്ടയം സൈബര്‍ പൊലീസില്‍ പരാതിയായി സമര്‍പ്പിക്കുകയും ചെയ്തു. ബന്ധുവായ കോട്ടയം എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഉടന്‍ കോട്ടയം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. സൈബര്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ജഗദീഷ് വി.ആര്‍, സി.പി.ഒമാരായ ജോബിന്‍ സണ്‍ ജെയിംസ്, രാഹുല്‍ മോന്‍ കെ.സി എന്നിവര്‍ അന്വേഷണം ആരംഭിച്ചു.

മഹാരാഷ്ട്രയിലുള്ള സോണാലി എന്ന സ്ത്രീയുടെ അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത് എന്ന് മനസ്സിലാക്കി. ഫോണില്‍ അക്കൗണ്ട് ഉടമയുമായി സംസാരിക്കുകയും ബാങ്കിങ് സമയം തീരുന്നതിനുമുമ്പായി പണം തിരികെ നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് ഷിബുവിന് തന്റെ അക്കൗണ്ടിലേക്ക് പണം വൈകുന്നേരത്തിന് മുമ്പ് തിരികെ ലഭിക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe