ന്യൂഡൽഹി: ജി.എസ്.ടിയിൽ വലിയ മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ. മധ്യവർഗ വരുമാനക്കാരെ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ നീക്കം. ജി.എസ്.ടിയിലെ 12 ശതമാനം സ്ലാബ് ഒഴിവാക്കാനോ അല്ലെങ്കിൽ ആ നികുതി നിരക്കിലുള്ള ഉൽപന്നങ്ങൾ അഞ്ച് ശതമാനത്തിലേക്ക് താഴ്ത്താനോ ആണ് സർക്കാർ ഒരുങ്ങുന്നത്.
ഇതോടെ ടൂത്ത്പേസ്റ്റ്, ടൂത്ത്പൗഡർ, കുടകൾ, തയ്യിൽ മെഷീൻ, പ്രഷർ കുക്കർ, അടുക്കള സാധനങ്ങൾ, ഇലക്ട്രിക് അയൺ, ഗീസർ, ചെറിയ ശേഷിയുള്ള വാഷിങ് മെഷീൻ, 1000 രൂപക്ക് മുകളിലുള്ള തുണിത്തരങ്ങൾ, 500 രൂപക്കും ആയിരത്തിനുമിടയിലുള്ള ചെരിപ്പുകൾ, സ്റ്റേഷനറി സാധനങ്ങൾ, വാക്സിനുകൾ, സെറാമിക് ടൈൽ, കാർഷികോപകരണങ്ങൾ എന്നിവക്കെല്ലാം വില കുറയും.
നികുതി കുറക്കുന്നതിലൂടെ 40,000 കോടി മുതൽ 50,000 കോടിയുടെ വരെ നഷ്ടം സർക്കാറിനുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഈ നഷ്ടം താങ്ങുന്നതിനായി സർക്കാർ മുന്നൊരുക്കം തുടങ്ങിയെന്നാണ് റിപ്പോർട്ട്.
നികുതി കുറക്കുന്നത് വഴി ഉപഭോഗം വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇത് ദീർഘകാലത്തേക്ക് കേന്ദ്രസർക്കാറിന് ഗുണകരമാവുമെന്നാണ് വിലയലിരുത്തൽ. നികുതി കുറക്കുന്നത് സംബന്ധിച്ച് ധനമന്ത്രി നിർമല സീതാരാമനും സൂചനകൾ നൽകിയിരുന്നു. ജി.എസ്.ടി സ്ലാബുകൾ ഏകീകരിച്ച് മധ്യവർഗ ജനങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകാൻ ശ്രമിക്കുമെന്നായിരുന്നു നിർമല സീതാരാമന്റെ പ്രസ്താവന.
52ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ പുതിയ നികുതി പരിഗണിക്കുമെന്നാണ് അറിയുന്നത്. ഇതോടെ സംസ്ഥാനങ്ങൾ ഏത് രീതിയിൽ പ്രതികരിക്കുന്നുവെന്നത് നിർണായകമാണ്. ജി.എസ്.ടി നിലവിൽ വന്നതിന് ശേഷം കേരളത്തിലെ സംസ്ഥാനങ്ങൾ വലിയ രീതിയിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ മൊത്ത ചരക്ക് സേവന നികുതി (ജിഎസ്ടി) പിരിവ് ഇരട്ടിയായി വർധിച്ചിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നികുതി പിരിവ് 22.08 ലക്ഷം കോടി രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 9.4% വളര്‍ച്ചയാണിത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 11.37 ലക്ഷം കോടി രൂപയായിരുന്നു. ശരാശരി പ്രതിമാസ ജി എസ് ടി പിരിവ് 1.84 ലക്ഷം കോടി രൂപയാണ്.