ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ്, ഗൃഹനാഥൻ വീട്ടിലെത്തിയപ്പോൾ വാതിൽപ്പടിയിൽ രക്തക്കറ; ഡൽഹിയിൽ 42കാരിയും മകനും കൊല്ലപ്പെട്ട കേസിൽ വീട്ടുസഹായി അറസ്റ്റിൽ

news image
Jul 3, 2025, 10:20 am GMT+0000 payyolionline.in

ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ ലജ്പത് നഗറിൽ 42കാരിയെയും 14 വയസുള്ള മകനെയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് സംഭവം. പ്രതിക്കായുള്ള തിരച്ചിലിനൊടുവിൽ ബിഹാർ സ്വദേശിയായ വീട്ടുസഹായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ട്രെയിനിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

രുചിക സെവാനി, കൃഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധമുപയോഗിച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇരുവരെയും ഫോണിൽ വിളിച്ചിട്ട് കിട്ടാതായപ്പോൾ രുചികയുടെ ഭർത്താവ് കുൽദീപ് അന്വേഷിച്ച് വീട്ടിലെത്തി. എന്നാൽവീടിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽപ്പടിയിൽ രക്തക്കറ കണ്ടതും കുൽദീപിന് സംശയം തോന്നി. ഉടൻ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രുചികയുടെ മൃതദേഹം കിടപ്പുമുറിയിലും കൃഷിന്റെത് ശുചിമുറിയിലുമായിരുന്നു കിടന്നിരുന്നത്. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

ലജ്പത് നഗറിൽ രുചികയും ഭർത്താവും ചേർന്ന് വസ്ത്രവ്യാപാരശാല നടത്തുന്നുണ്ടായിരുന്നു. ഇവരുടെ വീട്ടിലെ ഡ്രൈവറായിരുന്ന മുകേഷ്(24) ആണ് പിടിയിലായത്. വീട്ടിലെ മറ്റ് കാര്യങ്ങളിലും ഇയാൾ സഹായിക്കുമായിരുന്നു. ബിഹാറിലെ ഹാജിപൂർ സ്വദേശിയായ മുകേഷ് അമർ കോളനിയിലാണ് താമസിച്ചിരുന്നത്. കൊലപാതകം നടത്തിയതിന് ശേഷം ഇയാൾ, ട്രെയിനിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. യു.പിയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം ഡൽഹിയി​ലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് പൊലീസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe