ടോക്യോ: വലിയ ഭൂകമ്പ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ, നേരിടാൻ തയാറെടുപ്പ് പദ്ധതികൾ പ്രസിദ്ധീകരിച്ച് ജാപ്പനീസ് സർക്കാർ. അടുത്ത 30 വർഷത്തിനുള്ളിൽ നാൻകായ് ട്രോയിൽ റിക്ടർ സ്കെയിലിൽ 7ഓഅതിനു മുകളിലോ ശക്തിയുള്ള ഭൂകമ്പം ഉണ്ടാകുമെന്ന് സർക്കാർ പാനലിന്‍റെ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് ആസൂത്രണ രേഖ പുറത്തിറക്കിയത്.
വലിയ ഭൂകമ്പത്തിലും തുടർന്നുണ്ടാകുന്ന സുനാമിയിലും 298,000 പേർ കൊല്ലപ്പെടുകയും 2 ട്രില്യൺ യു.എസ് ഡോളറിന്‍റെ നാശ നഷ്ടം ഉണ്ടാവുകയും ചെയ്യുമെന്നാണ് ഭൂകമ്പ ഗവേഷണ കമ്മിറ്റിയുടെ റിപ്പോർട്ട്.
റിപ്പോർട്ടുകൾ പ്രകാരം വരാനിരിക്കുന്ന ഭൂകമ്പ ദുരന്തത്തെ അതിജീവിക്കാനുള്ള തയാറെടുപ്പുകൽ ജപ്പാൻ തുടങ്ങി കഴിഞ്ഞു. 2014 ൽ ഭൂകമ്പത്തെതുടർന്നുള്ള മരണ നിരക്ക് 80 ശതമാനം കുറക്കുന്നതിനു വേണ്ടി ജപ്പാനിലെ ഡിസാസ്റ്റർ മാനേജ്മെന്‍റ് കൗൺസിൽ ആസൂത്രണ രേഖ തയാറാക്കിയിരുന്നു. എന്നാൽ ഇതിന്‍റെ ഏറ്റവും പുതിയ കണക്കു പ്രകാരം 20 ശതമാനം മാത്രമേ കുറക്കാനാവൂ.
ചൊവ്വാഴ്ച ജപ്പാൻ പുറത്തിറക്കിയ ആസൂത്രണ രേഖയിൽ തീരങ്ങളിൽ നിർമിച്ചിട്ടുള്ള കെട്ടിടങ്ങൾ ഒഴിപ്പിക്കലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ അത് നേരിടാൻ ജനങ്ങളെ പ്രാപ്തരാക്കുന്ന തരത്തിൽ മോക്ഡ്രില്ലുകൽ ശക്തമാക്കാനും നിർദേശിക്കുന്നു.
കഴിഞ്ഞ 1400 വർഷത്തിനിടയിൽ ഓരോ 100 മുതൽ 200 വരെയുള്ള വർഷങ്ങളിലും ജപ്പാനിൽ വലിയ ഭൂകമ്പമുണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേത് റിക്ടർ സ്കെയിലിൽ 8.1ഉം 8.4ഉം രേഖപ്പെടുത്തിയ 1946ൽ ഉണ്ടായ ഭൂകമ്പമാണ്. 2011ൽ കടലിനടിയിൽ റിക്ടർ സ്കെയിലിൽ 9 രേഖപ്പെടുത്തിയ ഭൂകമ്പത്തിനും ജപ്പാൻ സാക്ഷ്യം വഹിച്ചിരുന്നു.