കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി

news image
Jul 2, 2025, 8:36 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി. ജോളിക്കെതിരെ ഭർത്താവ് നൽകിയ വിവാഹമോചന ഹർജി തിങ്കളാഴ്ചയാണ് കോടതി അനുവദിച്ചത്. പൊന്നാമറ്റം ഷാജു സക്കറിയാസ് നൽകിയ വിവാഹമോചന ഹർജി കോഴിക്കോട് കുടുംബകോടതിയാണ് പരിഗണിച്ചത്. 2021-ൽ നൽകിയ ഹർജി, എതിർഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാൽ ഒടുവിൽ തിങ്കളാഴ്ച തീർപ്പാക്കുകയായിരുന്നു. കൂട്ടക്കൊല നടത്തിയ ജോളി ഇനിയും ഏത് ആക്രമണത്തിനും മുതിരുമെന്നും കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ വിചാരണ നീളുകയാണെന്നും അതിനാൽ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്.

അഡ്വ. ജി. മനോഹർലാൽ മുഖേന നൽകിയ ഹർജിയാണ് കോടതി അനുവദിച്ചത്. ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപ്പെടുത്താൻ വ്യാജമൊഴി നൽകിയെന്നും ക്രൂരമായ കൊലപാതകങ്ങൾ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്നും ഷാജു സക്കറിയാസ് ഹർജിയിൽ വിശദമാക്കിയിരുന്നു. കൂടത്തായിയിൽ 2002 മുതൽ 2016വരെയുള്ള സമയത്ത് ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റോയ് തോമസിന്റേത് ഉൾപ്പടെ ആറു കൊലപാതകങ്ങളും ജോളിയാണ് നടത്തിയത് എന്ന് ജോളിയുടെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയ് മൊഴി നൽകിയിരുന്നു.

റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകൾ ആൽഫൈൻ (2) എന്നിവരാണ് കൊല്ലപ്പെട്ടത്. ഷാജുവിന്‍റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ൽ ഷാജുവും ജോളിയും പുനർവിവാഹിതരായത്. സിലിയെയും റോയിയെയും ജോളി വിഷം നൽകി കൊല്ലുകയായിരുന്നെന്നാണ് പിന്നീട് പൊലീസ് കണ്ടെത്തിയത്. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ പിതൃസഹോദര പുത്രനാണ് ഷാജു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe