കോഴിക്കോട്: സ്കൂൾ പരിസരത്തുനിന്ന് വിദ്യാർഥികൾക്ക് പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയതിന് ഗുരുവായൂരപ്പൻ കോളജ് സ്വദേശി ബിജിത്ത് (50), കരുവിശ്ശേരി സ്വദേശി സുധീഷ് കുമാർ (62) എന്നിവരെ വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കോട്പ ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
റെഡ് ക്രോസ് റോഡിലെ ലയോള സ്കൂളിന് സമീപത്തെ അമൃത സ്റ്റോഴ്സ്, കല സ്റ്റോഴ്സ് എന്നീ കടകളിൽ പുകയില ഉൽപന്നങ്ങൾ സ്കൂൾ കുട്ടികൾക്ക് വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളയിൽ പൊലീസ് കടകൾ നിരീക്ഷിച്ചുവരുകയായിരുന്നു.
കഴിഞ്ഞ ദിവസം കടയിൽ നിന്നും ഇറങ്ങി വരുന്ന കുട്ടികളിൽ പുകയില ഉൽപന്നം കാണുകയും പ്രതികളുടെ കടകളിൽ നിന്നും വാങ്ങിയതാണെന്ന് കുട്ടികൾ സമ്മതിക്കുകയായിരുന്നു. തുടർന്ന് വെള്ളയിൽ പൊലീസ് രണ്ട് കടകളിലും പരിശോധന നടത്തി പുകയില ഉൽപന്നങ്ങൾ പിടികൂടി. വെള്ളയിൽ പൊലീസ് സ്റ്റേഷൻ എസ്.ഐ ജയേഷ്, എ.എസ്.ഐ ബിനീഷ്, എസ്.സി.പി.ഒ രജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.