ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന ഇന്നുമുതല്‍; ഏതെല്ലാം ടിക്കറ്റുകള്‍ക്ക് എത്ര കൊടുക്കണം? പുതുക്കിയ നിരക്കറിയാം

news image
Jul 1, 2025, 4:48 am GMT+0000 payyolionline.in

ന്യൂഡൽഹി : രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍. നോൺ എസി മെയിൽ, എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസയാണ് വർധന. അതേസമയം എസി കോച്ചുകള്‍ക്ക് കിലോമീറ്ററിന് രണ്ട് പൈസ വർധിക്കും.

സബർബൻ ട്രെയിനുകളുടെ കാര്യത്തിൽ 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് ടിക്കറ്റിന് നിരക്കിൽ മാറ്റമുണ്ടാകില്ല. എന്നാൽ 500 കിലോമീറ്ററിന് മുകളിലുള്ള സെക്കൻഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു കിലോമീറ്ററിന് അര പൈസ വർധിപ്പിച്ചിട്ടുണ്ട്. സീസണൽ ടിക്കറ്റുകള്‍ക്കും വർധനവ് ബാധകമായിരിക്കില്ല.

ഓർഡിനറി സെക്കൻഡ് ക്ലാസ് യാത്രാ നിരക്ക് 500 കിലോമീറ്റർ വരെ മാറ്റമില്ലാതെ തുടരും. എന്നാൽ 501 മുതൽ 1500 കിലോമീറ്റർ വരെ 5 രൂപയും 1501 മുതൽ 2500 കിലോമീറ്റർ വരെ 10 രൂപയും 2501 മുതൽ 3000 കിലോമീറ്റർ വരെ 15 രൂപയും നൽകേണ്ടിവരും.

“തേജസ് രാജധാനി, രാജധാനി, ശതാബ്‌ദി, തുരന്തോ, വന്ദേ ഭാരത്, ഹംസഫർ, അമൃത് ഭാരത്, തേജസ്, മഹാമന, ഗതിമാൻ, അന്ത്യോദയ, ഗരീബ് രഥ്, ജൻ ശതാബ്‌ദി, യുവ എക്‌സ്‌പ്രസ്, ഓർഡിനറി സർവീസുകൾ (നോൺ-സബർബൻ), അനുഭൂതി കോച്ച്, എസി വിസ്റ്റാഡോം കോച്ച് തുടങ്ങിയ ട്രെയിൻ സർവീസുകളുടെ നിലവിലുള്ള അടിസ്ഥാന നിരക്ക്, വിജ്ഞാപനം ചെയ്‌ത പുതുക്കിയ നിരക്ക് അനുസരിച്ച് ക്ലാസ് തിരിച്ചുള്ള നിരക്കിൽ മുകളിൽ നിർദേശിച്ച വർധനവിന്‍റെ പരിധിയിലേക്ക് പരിഷ്‌കരിച്ചിട്ടുണ്ട്,” മന്ത്രാലയം അറിയിച്ചു.

“മറ്റ് ചാർജുകൾ, റിസർവേഷൻ ഫീസ്, സൂപ്പർഫാസ്റ്റ് സർചാർജ് എന്നിവയില്‍ മാറ്റമൊന്നുമില്ല, ബാധകമാകുന്നിടത്തെല്ലാം ചാർജുകൾ അധികമായി ഈടാക്കുന്നത് തുടരും. കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ അനുസരിച്ച് ബാധകമായ ജിഎസ്‌ടി ഈടാക്കുന്നത് തുടരും. നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി നിരക്കുകൾ റൗണ്ട് ഓഫ് ചെയ്യുന്നത് തുടരും,” മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം, തത്കാൽ ടിക്കറ്റ് ബുക്കിങ്ങിലും മാറ്റങ്ങള്‍ വരുന്നുണ്ട്. ജൂലൈ 1 മുതൽ തത്കാൽ ബുക്കിങ്ങുകൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി നിർബന്ധമാക്കും. ഇന്ത്യൻ റെയിൽവേയുടെ കമ്പ്യൂട്ടർവത്കൃത പിആർഎസ് കൗണ്ടറുകൾ വഴിയും അംഗീകൃത ഏജൻ്റുമാർ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. സിസ്റ്റം-ജനറേറ്റഡ് ഒടിപിയുടെ ആധികാരികത ഉറപ്പാക്കിയതിനുശേഷം മാത്രമേ ഇത് ലഭ്യമാകൂ എന്നും റെയിൽവേ അറിയിക്കുകയുണ്ടായി.

ഇന്ത്യൻ റെയിൽവേയുടെ അംഗീകൃത ടിക്കറ്റിങ് ഏജൻ്റുമാർക്ക് തത്കാൽ ബുക്കിങ് വിൻഡോയുടെ ആദ്യ 30 മിനിറ്റിനുള്ളിൽ ഉദ്ഘാടന ദിവസത്തെ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവാദമില്ലെന്ന് റെയിൽവേയുടെ സർക്കുലറിൽ പറഞ്ഞിരുന്നു. രാവിലെ 10 മുതൽ 10:30 വരെ എസി ക്ലാസുകൾക്കും 11 മുതൽ 11:30 വരെ നോൺ എസി ക്ലാസുകൾക്കും തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവാദമില്ല.

അതേസമയം, റിസർവേഷൻ ചാർട്ട് തയാറാക്കുന്ന കാര്യത്തിലും ഇന്ത്യൻ റെയില്‍വേ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ട്രെയിൻ പുറപ്പെടുന്നതിന് കുറഞ്ഞത് എട്ട് മണിക്കൂർ മുമ്പെങ്കിലും വെയിറ്റ്‌ലിസ്റ്റ് ചെയ്‌ത ടിക്കറ്റുകളുടേതടക്കം ചാർട്ട് തയാറാകും. നിലവിൽ, ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്, ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്ന് സ്റ്റേഷനിൽ എത്തുന്ന ആളുകൾക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നു.

രാജ്യത്ത് ദീർഘദൂര യാത്രക്കടക്കം ഏറെപേരും തെരഞ്ഞെടുക്കുന്ന ഗതാഗത മാർഗമാണ് ട്രെയിൻ സർവീസ്. മറ്റ് മാർഗങ്ങളെ അപേക്ഷിച്ച് ചെലവ് കുറവ് എന്നതാണ് ട്രെയിൻ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകതയും. എന്നാൽ ടിക്കറ്റ് നിരക്കിലെ വർധനവുമായി ബന്ധപ്പെട്ട വാർത്തകള്‍ പുറത്തുവന്നതു മുതൽ ട്രെയിൻ യാത്രക്കാരുടെ പോക്കറ്റ് കീറുമോ എന്ന തരത്തിൽ ചർച്ചകള്‍ നടക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe