ന്യൂഡൽഹി: ഓഗസ്റ്റിനകം എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പ്രീപെയ്ഡ് സ്മാർട് വൈദ്യുത മീറ്ററുകൾ സ്ഥാപിക്കണമെന്ന് കേന്ദ്രം. നവംബറോടെ ഉയർന്ന വൈദ്യുതി ലോഡുള്ള വാണിജ്യ–വ്യാവസായിക ഉപയോക്താക്കളും ഇതിലേക്കു മാറണം. ഘട്ടം ഘട്ടമായി സാധാരണ ഉപയോക്താക്കളിലേക്കും പ്രീപെയ്ഡ് സ്മാർട് മീറ്റർ എത്തുമെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞു. പ്രീപെയ്ഡ് മൊബൈൽ കണക്ഷൻ പോലെ മുൻകൂറായി പണമടച്ച് വൈദ്യുതി ഉപയോഗിക്കാൻ കഴിയുന്ന സൗകര്യമാണ് പ്രീപെയ്ഡ് സ്മാർട് മീറ്റർ. ഉപയോഗിച്ച വൈദ്യുതിയുടെ കണക്കെടുത്താണ് നിലവിൽ ബിൽ നൽകുന്നതെങ്കിൽ പ്രീപെയ്ഡ് മീറ്റർ വരുമ്പോൾ മുൻകൂറായി പണം നൽകി റീചാർജ് ചെയ്യണം. വൈദ്യുതിച്ചെലവു സ്വയം നിയന്ത്രിക്കാനാവുമെന്നതാണു മെച്ചം. വൈദ്യുതി വിതരണ കമ്പനികൾ നേരിടുന്ന കുടിശിക പ്രശ്നവും ഒഴിയും.
കേന്ദ്രമാതൃകയിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ കാപെക്സ് മാതൃകയിലാണ് സ്മാർട് മീറ്ററുകൾ കെഎസ്ഇബി വയ്ക്കാൻ ഉദ്ദേശിക്കുന്നത്. എത്രയും വേഗം കേരളം ഇതിന്റെ കരാർ അടക്കമുള്ള നടപടികൾ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രം അറിയിച്ചു.
ആണവനിലയം: കേരളം മുന്നോട്ട് വന്നാൽ സഹകരിക്കും
ആണവനിലയം സ്ഥാപിക്കാൻ കേരളം മുന്നോട്ടുവന്നാൽ എല്ലാവിധ സഹകരണവുമുണ്ടാകുമെന്ന് കേന്ദ്ര ഊർജമന്ത്രാലയം സെക്രട്ടറി പങ്കജ് അഗർവാൾ പറഞ്ഞു. സംസ്ഥാനങ്ങളാണ് ഇക്കാര്യത്തിൽ അനുമതി നൽകേണ്ടത്. കാസർകോട് ചീമേനിയിലെ നിർദിഷ്ട ആണവനിലയ പദ്ധതിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മറുപടി.
150 ഏക്കർ ഭൂമി കണ്ടെത്തിയാൽ നിലയം സ്ഥാപിക്കാൻ അനുമതി നൽകുമെന്ന് കേന്ദ്രം മുൻപ് സംസ്ഥാനത്തെ അറിയിച്ചത്. സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ആണവനിലയം സ്ഥാപിക്കുകയാണ് പോംവഴിയെന്നു കേന്ദ്ര വൈദ്യുതിമന്ത്രി മനോഹർലാൽ ഖട്ടർ മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു.
2035ന് ശേഷം താപവൈദ്യുതി നിലയങ്ങൾക്കു പകരം ആണവനിലയങ്ങളായിരിക്കും സ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സൈബർ ആക്രമണശ്രമം
പാക്കിസ്ഥാനെതിരെയുള്ള ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ വൈദ്യുതിവിതരണവും പ്രസരണവുമായി ബന്ധപ്പെട്ട കംപ്യൂട്ടർ സിസ്റ്റങ്ങൾക്കു നേരെ വൻതോതിൽ സൈബർ ആക്രമണശ്രമമുണ്ടായതായി കേന്ദ്രമന്ത്രി പറഞ്ഞു. മെച്ചപ്പെട്ട പ്രതിരോധ സംവിധാനങ്ങളുണ്ടായിരുന്നതിനാൽ ഇവയെല്ലാം കീഴ്പ്പെടുത്താനായി. വരും നാളുകളിൽ സൈബർ സുരക്ഷയ്ക്കു പ്രാധാന്യം നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            