എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ടീം, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്സിഎ), ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎൻഎ എന്റർടൈൻമെന്റ് എന്നിവയ്ക്കെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു. കബ്ബൺ പാർക്ക് പോലീസ് ഫയൽ ചെയ്ത എഫ്ഐആർ സെൻട്രൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ശേഖർ എച്ച് ടെക്കണ്ണവർ സ്ഥിരീകരിച്ചു. ക്രിമിനൽ അനാസ്ഥ ആരോപിച്ച് നിരവധി സ്ഥാപനങ്ങളെ പ്രതികളാക്കി സ്വമേധയാ രജിസ്റ്റർ ചെയ്തതാണ് എഫ്ഐആർ. റോയല് ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പതിനെട്ട് വർഷത്തെ കാത്തിരിപ്പ അവസാനിച്ചത് വലിയ ദുരന്തത്തിലാണ്. ആഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് ഇതുവരെ 11 പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ അഭിപ്രായത്തിൽ, ആർസിബിയുടെ വിജയ പരേഡ് കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഡിഎൻഎ എന്റർടൈൻമെന്റിനായിരുന്നു, അതേസമയം കെഎസ്സിഎയാണ് പരിപാടി സംഘടിപ്പിച്ചത്.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് പരാതി ഫയൽ ചെയ്തിരിക്കുന്നത്, അതിൽ സെക്ഷൻ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ), സെക്ഷൻ 125(12) (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തികൾ), സെക്ഷൻ 142 (നിയമവിരുദ്ധമായ സംഘം ചേരൽ), സെക്ഷൻ 121 (ഒരു കുറ്റകൃത്യത്തിന് പ്രേരിപ്പിക്കൽ), സെക്ഷൻ 190 (ഒരു പൊതു ലക്ഷ്യം നേടിയെടുക്കുന്നതിനായി ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് നിയമവിരുദ്ധമായ സംഘം ചേരലിലെ അംഗങ്ങളുടെ ബാധ്യത) എന്നിവ ഉൾപ്പെടുന്നു.
തിക്കിലും തിരക്കിലും പെട്ടതിനെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്ക് സമർപ്പിക്കാൻ കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. വിഷയത്തിൽ സ്വമേധയാ കേസെടുത്ത കോടതി, ജൂൺ 10-നകം വിശദമായ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് വി. കാമേശ്വര റാവു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, വിഷയം സ്വമേധയാ പൊതുതാൽപ്പര്യ ഹർജിയായി പരിഗണിക്കാൻ കോടതി രജിസ്ട്രിയോട് നിർദ്ദേശിച്ചു.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            