മാനന്തവാടി: മാനന്തവാടിയിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു. എടയൂർക്കുന്ന് സ്വദേശി പ്രവീണ(34)യാണ് കൊല്ലപ്പെട്ടത്. ഇവർ വാകേരി അപ്പപ്പാറയിൽ വാടകക്ക് താമസിക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം പങ്കാളിയായ ഗിരീഷ് സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ഇയാൾക്കു വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ആക്രമണത്തിൽ പ്രവീണയുടെ 14 വയസ്സുള്ള പെൺകുട്ടിയുടെ ചെവിക്കും കഴുത്തിനും വെട്ടേറ്റു. ഇതിനിടെ, ഒൻപതു വയസ്സുള്ള പെൺകുട്ടിയെ കാണാനില്ല. ഈ കുട്ടിക്കായി പ്രദേശത്ത് നാട്ടുകാർ തിരച്ചിൽ നടത്തുകയാണ്. കനത്ത മഴ ആയതിനാൽ പ്രതിക്കും കാണാതായ കുട്ടിക്കും വേണ്ടിയുള്ള തിരച്ചിൽ ദുഷ്കരമാണ്.
ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ പ്രവീണ, ഗിരീഷിനൊപ്പമാണ് താമസിച്ചിരുന്നത്. അടുത്തിടെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ബന്ധം ഒഴിയാൻ പ്രവീണ താൽപര്യം പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. പരുക്കേറ്റ 14 വയസ്സുകാരി മാനന്തവാടിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.