ആറാട്ടുപുഴ (ആലപ്പുഴ): കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളിൽ ഒന്ന് ആറാട്ടുപുഴ തീരത്ത് അടിഞ്ഞു. തറയിൽ കടവ് ഭാഗത്താണ് പുലർച്ചെ നാട്ടുകാർ കണ്ടെയ്നർ കണ്ടത്. കടലിൽ ഒഴുകിനടന്ന കണ്ടെയ്നർ പിന്നീട് തീരത്ത് കടൽ ഭിത്തിയിൽ വന്നിടിച്ച് പൊട്ടിപ്പൊളിഞ്ഞു. രണ്ട് കണ്ടെയ്നർ കൂട്ടിച്ചേർത്ത നിലയിലായിരുന്നു ഉള്ളത്.
കണ്ടെയ്നർ പൂർണമായും പൊട്ടിപ്പൊളിഞ്ഞ് സാധനങ്ങൾ മുഴുവൻ കടലിൽ ഒഴുകുകയാണ്. ഓറഞ്ച് തുണികൊണ്ടു പൊതിഞ്ഞ ബോക്സ് കണക്കേയുള്ള സാധനങ്ങൾ ആണ് കണ്ടെയ്നറിൽ ഉണ്ടായിരുന്നത്. ഇതു പൊട്ടിയപ്പോൾ പഞ്ഞിക്കണക്കെയുള്ള വെളുത്ത സാധനമാണ് പുറത്തുവന്നത്. ബോക്സിനു മുകളിൽ സോഫി ടെക്സ് എന്നാണ് പ്രിന്റ് ചെയ്തിട്ടുള്ളത്. തുണി നിർമാണവുമായി ബന്ധപ്പെട്ട അസംസ്കൃത വസ്തുക്കൾ ആണെന്നാണ് പ്രാഥമിക നിഗമനം.
നൂറുകണക്കിന് നാട്ടുകാരാണ് കാഴ്ച കാണാൻ എത്തിയത്. പൊലീസ് സംഘം ഇവിടെ എത്തി ആളുകൾ കണ്ടെയ്നറിന് അടുത്തേക്ക് വരുന്നത് നിയന്ത്രിക്കുകയാണ്.