ന്യൂഡൽഹി: കനത്ത മഴയും കൊടുങ്കാറ്റും കാരണം ഡൽഹിയിലെയും ഉത്തർപ്രദേശിലേയും വിവിധ സ്ഥലങ്ങളിൽ മരിച്ചവരുടെ എണ്ണം 50 ആയെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ 32 മണിക്കൂറിനുള്ളിൽ ഉണ്ടായ കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33 പുരുഷന്മാരും ഉൾപ്പെടെയാണ് 50 പേർ മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. വെള്ളക്കെട്ടിൽ വീണും ഇലക്ട്രിക് ലൈനിൽ സ്പർശിച്ചും വെള്ളക്കെട്ടിൽ വാഹനം മുങ്ങിയുമാണ് ചിലർ മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച രാത്രി ഉത്തർപ്രദേശിലെയും ഡൽഹി-എൻ.സി.ആറിലെയും പല ഭാഗങ്ങളിലും ശക്തമായ കൊടുങ്കാറ്റ് നാശം വിതച്ചു. 21 ജില്ലകളിലായി ആഞ്ഞടിച്ച കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകി. സ്വത്തുക്കൾക്ക് കനത്ത നാശനഷ്ടമുണ്ടായി.
റോഡിൽ മരങ്ങളും പരസ്യബോർഡുകളും വീണ് ഗതാഗത തടസ്സമുണ്ടായി. നോയിഡ, ഗാസിയാബാദ്, മൊറാദാബാദ്, മീററ്റ്, ബാഗ്പത് തുടങ്ങിയ പ്രദേശങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ശക്തമായ കാറ്റിലും ഇടിമിന്നലിലും മരങ്ങളും മറ്റും വീടിനു മുകളിലും കെട്ടിടങ്ങൾക്കു മുകളിലും വീണു വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായി. ജില്ല അധികാരികൾ ദുരിത ബാധിത സ്ഥലങ്ങൾ സന്ദർശിച്ചു. അധികൃതർ നാശനഷ്ടങ്ങൾ വിലയിരുത്തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.