ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ മിസൈൽ പരീക്ഷണത്തിന്റെ ഭാഗമായി ആൻഡമാൻ നിക്കോബാർ ദ്വീപ് വ്യോമമേഖല ശനിയാഴ്ച വരെ അടച്ചിടുമെന്ന് അധികൃതർ. മേയ് 23, 24 തിയതികളിൽ മൂന്ന് മണിക്കൂർ വീതമാണ് അടച്ചിടുന്നത്. ഇന്ത്യൻ സമയം രാവിലെ 7 നും 10 നും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് മുകളിലൂടെയും ചുറ്റുമുള്ള വ്യോമാതിർത്തി 500 കിലോമീറ്ററുമാണ് പരീക്ഷണ പരിധി.
ഈ സമയത്ത് ആൻഡമാൻ നിക്കോബാർ ദ്വീപ് മേഖലയിലൂടെ മുകളിലൂടെയും വിമാന സർവീസ് നടത്തുന്നതിന് അനുമതിയില്ലെന്ന് ഇന്ത്യൻ അധികൃതർ പുറപ്പെടുവിച്ച നോട്ടീസ് ടു എയർമാനിൽ വ്യക്തമാക്കുന്നു. ഒരു സിവിലിയൻ വിമാനവും നിർദ്ദിഷ്ട വ്യോമാതിർത്തിയ്ക്കപ്പുറമുള്ള ഉയരത്തിൽ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഈ സമയത്ത് ഒമ്പത് അന്താരാഷ്ട്ര വിമാന റൂട്ടുകൾ അടച്ചിടും.
ആൻഡമാൻ നിക്കോബാർ മേഖലയിൽ ഇന്ത്യ മുമ്പും മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിൽ ബാലിസ്റ്റിക് മിസൈൽ, 2025 ജനുവരിയിൽ സാൽവോ മോഡിൽ ബ്രഹ്മോസ് സൂപ്പർസോണിക് മിസൈൽ എന്നിവ ഇവിടെ പരീക്ഷിച്ചിരുന്നു.