പയ്യോളി : മലയാള സാഹിത്യത്തിന് സമർപ്പിതനായ എഴുത്തുകാരനും അധ്യാപകനുമായ മണിയൂർ ഈ ബാലൻ സ്മരണയായാണ് മണിയൂർ ഈ ബാലൻ ഫൗണ്ടേഷൻ രൂപം കൊണ്ടത്. യഥാർത്ഥ ജീവിതത്തിലെ അനുഭവങ്ങൾ സമൃദ്ധമായി കലർത്തിയ കഥകളെ നോവലുകളിലും ചെറുകഥകളിലും സ്വാഭാവികമായി പകരാനാകുന്ന സൃഷ്ടി ശക്തിയായിരുന്നു ബാലൻ മാസ്റ്ററുടെ സവിശേഷത.
വടകരക്കടുത്ത് മണിയൂരിൽ ജനിച്ചു, വിദ്യാഭ്യാസത്തിന്റെയും സാഹിത്യത്തിന്റെയും കിഴക്കൊരുക്കിനായി ജോലി ചെയ്ത അദ്ദേഹം പയ്യോളി ഹൈസ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ച് അവിടെ നിന്ന് റിട്ടയർ ചെയ്തു.
ചുടല,ഇവരും ഇവിടെ ജനിച്ചവർ, എത്രയും പ്രിയപ്പെട്ടവർ, തെരുവിൽ തീപ്പൊരി, ഒടുക്കത്തെ ദാഹം,എന്ന നോവലുകളും മുന്നേറ്റം, പുന്നാരമോൻ,നോവലൈറ്റ് സമാഹാരങ്ങളും ഉറുമ്പുകളുടെ കാലൊച്ച, അമ്പത്തിയഞ്ച് വയസ്സിന്റെ നിറം, പുയ്യാപ്ല, ശവദാഹം, ഇങ്ങനെയും ചിലർ,വരണ്ടു പോകുന്ന നമ്മൾ എന്നീ കഥാസമാഹാരങ്ങളും, തോൽക്കുന്നവരുടെ യുദ്ധം എന്ന ലേഖന സമാഹാരവും മലയാളികൾക്ക് സമ്മാനിച്ച സർഗ്ഗ പ്രതിഭയാണ് മണിയൂർ ഈ ബാലൻ. കൊടുങ്ങല്ലൂർ രഞ്ജിനിയുടെ ടി എൻ കുമാരൻ പുരസ്കാരവും,പി ആർ നമ്പ്യാർ അവാർഡും ലഭിച്ചിട്ടുണ്ട്.
ഫൗണ്ടേഷന്റെ പേരിൽ എല്ലാവർഷവും മലയാളത്തിലെ നവാഗത നോവലിസ്റ്റുകൾക്കും, കഥാകൃത്തുക്കൾക്കും നൽകിവരുന്ന അവാർഡിന് ഈ വർഷം അർഹനായത് ചൂട്ട് എന്ന നോവലിന്റെ കർത്താവായ പിസി മോഹനനാണ്. 2022ലാണ് ആദ്യ പുരസ്കാരം സമ്മാനിച്ചത്. ആ വർഷം ജയപ്രകാശ് പാനൂർ എഴുതിയ യുയുത്സു എന്ന നോവലാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 2023ല് സോമൻ കടലൂരിന്റെ ‘പുള്ളിയനും’ 2024 ൽ ഷീല ടോമിയുടെ ‘ആ നദിയോട് പേര് ചോദിക്കരുത് ‘എന്ന നോവലും പുരസ്കാരത്തിന് അർഹമായി.
ഗോത്ര ജീവിതത്തിന്റെ സവിശേഷതകളിലേക്ക് വെളിച്ചം വീശുന്ന, നാടുവാഴിത്തത്തിന്റെ ലഹരി ഇറങ്ങാത്ത ജന്മിമാരും വിദ്യാഭ്യാസം നേടി കരുത്തരാകുന്ന ഗോത്ര ജനതയും തമ്മിലുള്ള സംഘർഷം അവതരിപ്പിക്കുന്ന നോവലാണ് ചൂട്ട്.2025 മെയ് 22ന് വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പുരസ്കാര ദാന ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ (യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റ്) ഉദ്ഘാടനവും പുരസ്കാരദാനവും നിർവഹിക്കും. പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ അധ്യക്ഷം വഹിക്കും. പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി സംസാരിക്കുന്നത് രാജൻ നരയംകുളം ആണ്. മണിയൂർ ഈ ബാലൻ ഫൗണ്ടേഷൻ സെക്രട്ടറി ഡോക്ടർ ശശികുമാർ പുറമേരി റിപ്പോർട്ട് അവതരിപ്പിക്കും.
മണിയൂർ ഇ ബാലൻ ഫൗണ്ടേഷൻ ചെയർപേഴ്സൺ പി ജാനകി ടീച്ചർ പുരസ്കാര ജേതാവിന് ക്യാഷ് അവാർഡ് നൽകും.(11111രൂപ) യുവകലാസാഹിതിയുടെ രക്ഷാധികാരി ടിവി ബാലൻ അനുസ്മരണ പ്രഭാഷണം നടത്തും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ 2025 മെയ് 22 ന് വൈകിട്ട് നാലുമണിക്ക് പയ്യോളി അരങ്ങൽ ശ്രീധരൻ സ്മാരക ഹാളിൽ വെച്ച് നടക്കുന്ന പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികളായ,ഡോ: ശശികുമാർ പുറമേരി, കെ ശശിധരൻ, സിസി ഗംഗാധരൻ, പ്രദീപ് കണിയാരിക്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.