ന്യൂഡൽഹി: ഇന്ത്യൻ ആണവ നയത്തിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ഓപറേഷൻ സിന്ദൂറിനു ശേഷം ഇതുസംബന്ധിച്ച ചർച്ചകൾ സജീവമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ, ഇന്ത്യയുടെ ആണവോർജ നിയമങ്ങളിൽ നിർണായക ഭേദഗതികൾ കേന്ദ്ര സർക്കാർ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. 2010ലെ സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്ട് ആണ് ഭേദഗതിവരുത്താൻ ഉദ്ദേശിക്കുന്ന നിയമങ്ങളിൽ ആദ്യത്തേത്. ആണവ നിലയങ്ങൾക്ക് അപകടം സംഭവിച്ചാൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളുടെ ഉത്തരവാദിത്തം കുറക്കുന്നതിനെക്കുറിച്ചാണ് ഈ ഭേദഗതി. അവർ എത്ര പണം നൽകണം, എത്ര കാലം ഉത്തരവാദികളായിരിക്കും എന്നതിന് പരിധി നിശ്ചയിക്കും.
ഈ നിയമപ്രകാരം ആണവ അപകടം സംഭവിച്ചാൽ ഉപകരണ വിതരണക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഭാവിയിലെ അപകടങ്ങൾക്ക് തങ്ങൾ ഉത്തരവാദികളാകുമെന്ന് ഭയപ്പെടുന്നതിനാൽ നിക്ഷേപം നടത്താൻ വിദേശ കമ്പനികൾ മടികാണിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
1962ലെ ആണവോർജ നിയമത്തിലെ പരിഷ്കരണമാണ് രണ്ടാമത്തെ മാറ്റം. നിലവിൽ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് മാത്രമേ ആണവ നിലയങ്ങൾ നടത്താൻ അനുവാദമുള്ളൂ. ഇന്ത്യയിലെ ആണവ നിലയങ്ങളുടെ നടത്തിപ്പിൽ സ്വകാര്യ കമ്പനികൾക്ക് പങ്കാളിത്തം അനുവദിക്കും. ഭാവിയിൽ സ്വകാര്യ കമ്പനികൾക്കും, ഒരുപക്ഷേ വിദേശ കമ്പനികൾക്കും ഓപറേറ്റർമാരാകാൻ ഈ ഭേദഗതി വാതിൽ തുറക്കും.
ഭാവിയിലെ ആണവ പദ്ധതികളിൽ വിദേശ കമ്പനികൾക്ക് ഓഹരികൾ നിക്ഷേപിക്കാനുള്ള അവസരം ഇത് തുറന്നിടും. ആണവോർജ മേഖലയിലെ വിദേശ നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തുന്ന തടസ്സങ്ങൾ നീക്കുന്നതിനായാണ് കേന്ദ്ര സർക്കാർ ഈ രണ്ട് നിയമ മാറ്റങ്ങളേയും നോക്കിക്കാണുന്നത് എന്നാണ് റിപ്പോർട്ട്. ഈ വർഷം തന്നെ രണ്ട് മാറ്റങ്ങളും പ്രാബല്യത്തിൽ വരുത്താനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്.