ആലപ്പുഴ: പോസ്റ്റൽ ബാലറ്റ് തിരുത്തിയെന്ന് അവകാശപ്പെട്ട മുൻ മന്ത്രി ജി. സുധാകരനെതിരെ കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. ഐ.പി.സി 465,468,471 വകുപ്പുകൾ ചുമത്തിയാണ് കേസ്.
1989ൽ ആലപ്പുഴ ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിക്കുവേണ്ടി തപാൽവോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന് ജി. സുധാകരൻ വെളിപ്പെടുത്തുകയായിരുന്നു. ആലപ്പുഴയിൽ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂർവകാല നേതൃസംഗമത്തിലായിരുന്നു വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആലപ്പുഴയിലെ വീട്ടിലെത്തി സുധാകരന്റെ മൊഴി രേഖപ്പെടുത്തി. വെളിപ്പെടുത്തലിന്മേല് കേസ് എടുക്കാനും വിശദമായ അന്വേഷണം നടത്താനും അടിയന്തര നടപടി സ്വീകരിക്കാനും ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തന്‍ യു. ഖേല്‍ക്കർ നിര്‍ദേശം നല്‍കിയിരുന്നു.
പ്രസംഗത്തിൽ സുധാകരൻ പറഞ്ഞത് ഇങ്ങനെ: ‘‘പോസ്റ്റൽ ബാലറ്റുകൾ ചെയ്യുമ്പോൾ എൻ.ജി.ഒ യൂനിയൻകാർ വേറെ ആളുകൾക്ക് ചെയ്യരുത്. കുറച്ചുപേർ അങ്ങനെ ചെയ്യുന്നുണ്ട്. ബാലറ്റ് ഒട്ടിച്ചുതരുന്നതുകൊണ്ട് അറിയില്ലെന്ന് കരുതരുത്. കെ.എസ്.ടി.എ നേതാവായിരുന്ന ദേവദാസ് ആലപ്പുഴയിൽനിന്ന് പാർലമെന്റിലേക്ക് മത്സരിച്ചപ്പോൾ ജില്ല കമ്മിറ്റി ഓഫിസിൽ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച്, വെരിഫൈ ചെയ്ത് ഞങ്ങൾ തിരുത്തി. ഇനി എന്റെ പേരിൽ കേസെടുത്താലും കുഴപ്പമില്ല. എൻ.ജി.ഒ യൂനിയനിൽപെട്ട എല്ലാവരും ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് യൂനിയൻ ഭരണഘടനയിൽ പറയുന്നില്ല. എൻ.ജി.ഒ യൂനിയന്‍ രാഷ്ട്രീയമില്ല. ഏതുപാർട്ടിയിൽപെട്ടവനും ചേരാം. ബഹുജന സംഘടനയിൽപെട്ട എല്ലാവരും സി.പി.എമ്മിന് വോട്ട് ചെയ്യണമെന്നില്ല….’’
എന്നാൽ പ്രസ്താവന വിവാദമായതോടെ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയെന്ന പരാമർശം നടത്തിയിട്ടില്ലെന്ന് പറഞ്ഞ് ജി. സുധാകരൻ തന്നെ രംഗത്തെത്തിയിരുന്നു. പോസ്റ്റൽ ബാലറ്റിനെക്കുറിച്ച് ലേശം ഭാവന കലർത്തിയാണ് പറഞ്ഞത്. അസംഭവ്യമായ ഒരുകാര്യം ചിലർ അങ്ങനെ ചെയ്യുന്നുവെന്ന പ്രചാരണവേല നടക്കുമ്പോൾ അവർക്ക് ജാഗ്രത കൊടുക്കാൻ ചെറിയ ഭീഷണിയെന്ന നിലയിലാണ് അത് പറഞ്ഞത്.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            