ദില്ലി: കേരളത്തിലടക്കമുള്ള വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന തുർക്കിഷ് കമ്പനിക്കെതിരെ കേന്ദ്ര സർക്കാരിൻ്റെ കടുത്ത നടപടി. തുർക്കി ആസ്ഥാനമായുള്ള സെലെബി എയർപോർട്ട് സർവീസസസിനെതിരെയാണ് നടപടി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്ലിംഗ് നടത്തുന്ന ഈ കമ്പനിയെ വിലക്കി. കേന്ദ്രവ്യോമയാനമന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കമ്പനിയുടെ ഗ്രൗണ്ട് ഹാൻഡ്ലിംഗിനുള്ള സുരക്ഷാ ക്ലിയറൻസ് റദ്ദാക്കി. കേരളത്തിൽ കൊച്ചി, കണ്ണൂർ അടക്കമുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഇവരാണ് കൈകാര്യം ചെയ്യുന്നത്.
ദില്ലി, മുംബൈ അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലും ഗ്രൗണ്ട് ഹാൻഡ്ലിംഗ് നടത്തുന്നത് ഈ കമ്പനിയാണ്.പാകിസ്ഥാന് പിന്തുണയുമായി രംഗത്തെത്തിയ തുർക്കിക്കും അസർബൈജാനുമെതിരെ കടുത്ത നടപടിയിലേക്കാണ് ഇന്ത്യ കടക്കുന്നത്. ഇരു രാജ്യങ്ങൾക്കും ടൂറിസം രംഗത്ത് വലിയ പ്രതിസന്ധിയാണ് ഇതിലൂടെ ഉണ്ടാകുന്നത്. ഇന്ത്യയിൽ നിന്ന് തുർക്കിയിലേക്കും അസർബൈജാനിലേക്കും ഉള്ള യാത്രകൾ കൂട്ടത്തോടെ റദ്ദാക്കുകയാണ് ഇന്ത്യാക്കാർ. ഇന്ത്യയിൽ നിന്ന് ഹണിമൂൺ, ഗ്രൂപ്പ് ടൂർ പാക്കേജുകൾ അടക്കമുള്ളവയിൽ ബുക്കിംഗ് 60 ശതമാനവും റദ്ദായെന്ന് യാത്രാ വെബ്സൈറ്റായ മേക്ക് മൈ ട്രിപ്പ് അറിയിച്ചു.മേക്ക് മൈ ട്രിപ്പ്, ഈസ് മൈ ട്രിപ്പ് അടക്കം ട്രാവൽ വെബ്സൈറ്റുകളിൽ തുർക്കിയിലെ ഇസ്താംബുളിലേക്കോ അസർബൈജാനിലെ ബാക്കുവിലേക്കോ ബുക്ക് ചെയ്യാൻ ശ്രമിച്ചാൽ മുന്നറിയിപ്പ് സന്ദേശം വരുന്നുണ്ട്. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷവും പാകിസ്ഥാന് പിന്തുണയുമായി രംഗത്തെത്തിയ രാജ്യങ്ങളാണ് തുർക്കിയും അസർബൈജാനും. ഇവിടേക്ക് അത്യാവശ്യമല്ലെങ്കിൽ യാത്ര ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. മേക്ക് മൈ ട്രിപ്പ് പോലുള്ള വെബ്സൈറ്റുകളാകട്ടെ ഹോം പേജിൽ തന്നെ ഇന്ത്യയ്ക്ക് പിന്തുണയുമായി തുർക്കി, അസർബൈജാൻ എന്നീ രാജ്യങ്ങളിലേക്ക് വിനോദയാത്ര പോകരുത് എന്ന് അഭ്യർത്ഥിക്കുന്നു. വെക്കേഷൻ കാലമായ ഇപ്പോൾ തുർക്കിയിലേക്കും അസർബൈജാനിലേക്കും യാത്ര നിശ്ചയിച്ച 60 ശതമാനം പേരും ഇത് റദ്ദാക്കി എന്നാണ് യാത്രാ വെബ്സൈറ്റുകളുടെ കണക്ക്.