കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെക്ഷൻ 8 കമ്പനിയായ അസാപ് കേരള, അണ്ണാ യൂണിവേഴ്സിറ്റിയുടെ DGCA അംഗീകാരമുള്ള സെന്റർ ഫോർ എയ്റോസ്പേസ് റിസർച്ചുമായി സഹകരിച്ച്, റിമോട്ട് പൈലറ്റ് ട്രെയിനിങ് ഓർഗനൈസേഷൻ സ്ഥാപിക്കുന്നു. അസാപ് കേരളയുടെ കഴക്കൂട്ടത്തെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സ്ഥാപിച്ച ഈ അത്യാധുനിക ഡ്രോൺ സെന്റർ ഓഫ് എക്സലൻസിന്റെ, പ്രായോഗിക പരിശീലനത്തിനുള്ള ഫ്ലയിoഗ് സെന്റർ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ആയിരിക്കും.
നാളെ ആറ്റിങ്ങൽ നാഗരൂരിലെ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വെച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഈ അത്യാധുനിക ഡ്രോൺ സെന്റർ ഓഫ് എക്സല്ലൻസ് ഉദ്ഘാടനം ചെയ്യും. ഒ എസ് അംബിക എം. എൽ. എ അധ്യക്ഷയാകുന്ന ചടങ്ങിൽ അടൂർ പ്രകാശ് എം. പി മുഖ്യാതിഥിയാകും.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ ഭാവിയും അതിന്റെ പ്രയോഗങ്ങളും എന്ന വിഷയത്തിൽ ഇന്ത്യയുടെ മൂൺ മാൻ എന്നറിയപ്പെടുന്ന പദ്മശ്രീ ഡോ മയിൽസ്വാമി അണ്ണാദുരൈ നയിക്കുന്ന സെമിനാർ ഉണ്ടാകും. ഡ്രോൺ എക്സ്പോ, ലൈവ് ഡെമോൺസ്ട്രേഷനുകൾ എന്നിവയും ഉദ്ഘാടനത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.