മലപ്പുറത്ത് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണമെന്ന് ആരോഗ്യ വകുപ്പ്. പുതിയതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. നിപ ബാധിച്ച രോഗി ഗുരുതരമായി തുടരുകയാണ്.
നിലവിൽ 65 പേര് ഹൈറിസ്കിലും 101 പേര് ലോറിസ്കിലുമാണുള്ളത്. നിപ സ്ഥിരീകരിച്ചിട്ടുള്ളയാള്‍ മാത്രമാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്. ഇവർ ഗുരുതരമായി തുടരുകയാണ്. ഫീവര്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നിശ്ചയിച്ച മുഴുവന്‍ വീടുകളും ആരോഗ്യ പ്രവർത്തകർ സന്ദര്‍ശിച്ചു.
പുതുതായി കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശം നല്കി. പരിശോധനാഫലം നെഗറ്റീവാണെങ്കിലും 21 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ തന്നെ തുടരണം. യാത്രകളും ഒഴിവാക്കണം.മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരരുത്. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.