സർക്കാർ സർവീസിനൊപ്പം സേവനകാലവും പരിഗണിക്കും; പി.എസ്.സി അംഗങ്ങൾക്ക് ഉയർന്ന പെൻഷൻ നൽകാൻ ഉത്തരവിറക്കി പൊതുഭരണ വകുപ്പ്

news image
May 14, 2025, 10:52 am GMT+0000 payyolionline.in

തിരുവനന്തപുരം: സർക്കാർ ജീവനക്കാരായിരുന്ന പി.എസ്.സി ചെയർമാും അംഗങ്ങൾക്കും പെൻഷൻ ആനുകൂല്യത്തിന് സർക്കാർ സർവീസിനൊപ്പം പി.എസ്.സി അംഗമെന്ന നിലയില സേവന കാലവും പരിഗണിക്കാൻ പൊതുഭരണവകുപ്പ് ഉത്തരവ്. ഇതോടെ ഇവർക്ക് ഉയർന്ന പെൻഷൻ ലഭിക്കും. ​ഹൈകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയത്.

പി.എസ്.സി അംഗങ്ങളായിരുന്ന പി.ജമീല, ഡോ. ഗ്രീഷ്മ മാത്യു, ഡോ. കെ. ഉഷ എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്. ഇവർ പി.എസ്.സി ഉദ്യോഗസ്ഥരായി വിരമിച്ച് സർക്കാർ സർവീസിന്റെ പെൻഷനാണ് തെരഞ്ഞെടുത്തിരുന്നത്.

സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടായിരുന്നവര്‍ വിരമിച്ച ശേഷം പിഎസ്‌സി അംഗങ്ങളോ ചെയര്‍മാനോ ആവുകയാണെങ്കില്‍ അവര്‍ക്ക് ഏത് പെന്‍ഷനാണ് വേണ്ടത് എന്നത് അവര്‍ തിരഞ്ഞെടുക്കേണ്ട സംവിധാനമായിരുന്നു നിലവിലുണ്ടായിരുന്നത്. ഈ ചട്ടപ്രകാരം, ആ സമയം ഉയര്‍ന്ന പെന്‍ഷന്‍ ലഭിച്ചിരുന്ന സര്‍വീസാണ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുത്തിരുന്നത്. മിക്കവരും സര്‍ക്കാര്‍ സര്‍വീസ് തന്നെയാണ് പെന്‍ഷനായി തിരഞ്ഞെടുത്തിരുന്നത്. എന്നാൽ പി.എസ്.സി പെൻഷനിൽ വലിയ വർധനവുണ്ടായതോടെ തീരുമാനം മാറ്റാനായി വീണ്ടും ഒരവസരം കൂടി നൽകണമെന്ന് കാണിച്ചാണ് മൂവരും ഹരജി നൽകിയത്.

നേരത്തേ ചില അംഗങ്ങൾക്ക് പി.എസ്.സി അംഗം എന്നതിനൊപ്പം സർക്കാർ സർവീസിലെ സേവനകാലം കൂടി പരിഗണിച്ച് പെൻഷൻ പരിഷ്‍കരിച്ചു നൽകിയിട്ടുണ്ട് എന്ന കാര്യവും കൂടി ഹരജിക്കാർ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു.

ഇവരുടെ പരാതിയിൽ ഉചിതമായ തീരുമാനമെടുക്കാൻ ഹൈകോടതി സർക്കാറിന് നിർദേശം നൽകുകയായിരുന്നു.

സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ച ശേഷം പി.എസ്‌.സി ചെയര്‍മാന്‍, അംഗങ്ങള്‍ എന്ന നിലയില്‍ വിരമിക്കുന്ന മുഴുവന്‍ അംഗങ്ങള്‍ക്കും അവരുടെ സര്‍ക്കാര്‍ സര്‍വീസിലെ സേവനകാലത്തോടൊപ്പം പി.എസ്‌.സി അംഗമെന്ന നിലയിലുള്ള സേവനകാലം കൂടി പരിഗണിച്ച് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പുനര്‍നിശ്ചയിക്കുന്നതിന് അനുമതി നൽകിയാണ് ഉത്തരവിറക്കിയത്. വെള്ളിയാഴ്ചയാണ് പൊതുഭരണവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

സമീപകാലത്താണ് പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വർധിപ്പിച്ചത്.3.87 ലക്ഷം രൂപയാണ് നിലവിൽ പി.എസ്.സി ചെയർമാന്റെ പ്രതിമാസ ശമ്പളം. നേരത്തേ അത് 3.80 ലക്ഷം രൂപയായിരുന്നു. ഇതോടെ ചെയർമാന്റെ പെൻഷൻ രണ്ടര ലക്ഷവും അംഗങ്ങളുടെത് രണ്ടേകാൽ ലക്ഷവുമായി.

സർക്കാർ സർവീസിൽ നിന്ന് വിരമിച്ച 50 ശതമാനം പേരെ പി.എസ്.സിയിലേക്ക് നിയമിക്കുന്നുണ്ട്. അതോടെ സർക്കാർ സർവീസിൽ നിന്ന് വിരമിക്കുന്ന ഒരാൾക്ക് അഞ്ചോ ആറോ വർഷം കൂടി പി.എസ്.സി അംഗമായി ജോലി ചെയ്യാനുള്ള അവസരവും ലഭിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe