‘നൂറ് തടവ് സൊന്ന മാതിരി’; ജയിലര്‍ 2 ഷൂട്ടിങ്ങിനെത്തിയ രജനീകാന്തിനെ സന്ദര്‍ശിച്ച് മന്ത്രി റിയാസ്

news image
May 14, 2025, 3:40 am GMT+0000 payyolionline.in

ജയിലര്‍ സിനിമയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണത്തിനായി കോഴിക്കോട്ടെത്തിയ തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ സന്ദര്‍ശിച്ച് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രജനീകാന്തിനൊപ്പമുള്ള ചിത്രം മന്ത്രി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘നാന്‍ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി’, എന്ന രജനിയുടെ മാസ് ഡയലോഗ് മന്ത്രി ചിത്രത്തിനൊപ്പം കുറിച്ചു.

ചെറുവണ്ണൂരിലാണ് ജയിലര്‍ 2-ന്റെ ചിത്രീകരണം നടക്കുന്നത്. ഞായറാഴ്ച കോഴിക്കോട്ട് എത്തിയ രജനീകാന്ത്‌ തിങ്കളാഴ്ച ചിത്രീകരണസംഘത്തിനൊപ്പം ചേര്‍ന്നു. ആറുദിവസം അദ്ദേഹം കോഴിക്കോട് ഉണ്ടാവുമെന്നാണ് വിവരം. രാമനാട്ടുകര കടവ് റിസോര്‍ട്ടിലാണ് താരത്തിന്റെ താമസം.

ബേപ്പൂര്‍- ചെറുവണ്ണൂര്‍ റോഡിലെ സുദര്‍ശന്‍ ബംഗ്ലാവാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍. ഇവിടെ ചിത്രം ആകെ 20 ദിവസം ഷൂട്ട് ചെയ്യും. കോഴിക്കോട്ടെ മറ്റ് ചില ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടെന്നാണ് സൂചന. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടാണ് മുഖ്യവില്ലനെന്നാണ് സൂചന. ചിത്രീകരണം ആരംഭിച്ച ശനിയാഴ്ച മുതല്‍ സുരാജ് സെറ്റിലുണ്ട്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ അതിഥിവേഷത്തിലെത്തുമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കനത്ത സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് ചിത്രീകരണം.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിച്ച് നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനംചെയ്ത് 2023-ല്‍ പുറത്തിറങ്ങിയ ‘ജയിലര്‍’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാംഭാഗമാണ് ഈ ചിത്രം. സുരാജിന് പുറമേ കോട്ടയം നസീര്‍, സുനില്‍സുഖദ എന്നിവരും ചിത്രീകരണത്തില്‍ പങ്കെടുത്തിരുന്നു. മലയാളികളായ സുരേഷും രമേഷും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും ഗിരീഷ് കേരള മാനേജരുമാണ്. കൊത്ത്, അദ്വൈതം, സിദ്ധാര്‍ഥ, മുന്നറിയിപ്പ്, സൂഫിയും സുജാതയും തുടങ്ങി ഒട്ടേറെ സിനിമകള്‍ സുദര്‍ശന്‍ ബംഗ്ലാവില്‍ ചിത്രീകരിച്ചിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe