ന്യൂഡൽഹി: ഇന്ത്യയിലെ അധികരിക്കുന്ന ചൂടിനിടയിൽ കുതിച്ചുയർന്ന് എ.സിയുടെ വിൽപന. 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്ന മാരകമായ താപനിലയിൽനിന്ന് ആശ്വാസം നേടുന്നതിനായി വീടുകളിലും സ്ഥാപനങ്ങളിലും എയർ കണ്ടീഷനിങ് സ്ഥാപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം സമീപ വർഷങ്ങളിൽ വൻ തോതിൽ ഉയർന്നതായി കണക്കുകൾ കാണിക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ 1.4 കോടി എ.സി യൂനിറ്റുകളുടെ റെക്കോർഡ് വിൽപന നടന്നു. 2050തോടെ താമസ സ്ഥലങ്ങളിലേക്ക് ഇതിന്റെ ഒമ്പത് മടങ്ങ് വിൽപന പ്രതീക്ഷിക്കുന്നു.
ഇത് ദശലക്ഷക്കണക്കിന് ആളുകൾക്ക് ജോലിസ്ഥലത്തും വീട്ടിലും സുഖകരമായ സാഹചര്യം ഒരുക്കുമെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന കൽക്കരി കത്തിച്ച് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ ആവശ്യകത വർധിപ്പിക്കും. ഇതിനകം തന്നെ രാജ്യത്ത് ശ്വാസംമുട്ടുന്ന തെരുവുകളിലേക്ക് പുറന്തള്ളുന്ന എ.സികളുടെ ചൂടുള്ള എക്‌സ്‌ഹോസ്റ്റ് വായു നിലവിലെ അവസ്ഥ കൂടുതൽ ദുഷ്‍കരമാക്കുമെന്നും കാലാവസ്ഥാ പ്രവർത്തകർ മുന്നറിയിപ്പു നൽകുന്നു.
നിലവിൽ ഏഴ് ശതമാനം വീടുകളിൽ മാത്രമേ എ.സി യൂണിറ്റുകൾ ഉള്ളൂവെങ്കിലും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന എ.സി വിപണിയാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിറെ വൈദ്യുതി ഉത്പാദനം മൂന്നിരട്ടിയാക്കേണ്ടതുണ്ടെന്നാണ് ഈ കുതിച്ചുചാട്ടം അർത്ഥമാക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
140 കോടി ജനങ്ങളുള്ള രാജ്യം ഇതിനകം തന്നെ കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന ഹരിതഗൃഹ വാതകങ്ങൾ ഉൽപാദിപ്പിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ്. സർക്കാറിൽ നിന്നുള്ള കണക്കുകൾ പ്രകാരം 2024-25 ൽ നൂറു കോടി ടൺ കൽക്കരിയാണ് വൈദ്യുതി ആവശ്യങ്ങൾക്കടക്കം കത്തിച്ചത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് 1901മുതൽ സമഗ്രമായ രേഖപ്പെടുത്തലുകൾ ആരംഭിച്ചതിനുശേഷം ഇന്ത്യയിലെ ഏറ്റവും ചൂടേറിയ വർഷമായിരുന്നു 2024.
കാലാവസ്ഥാ വ്യതിയാനം, വളരുന്ന മധ്യവർഗം, അനുകൂലമായ ഉപഭോക്തൃ ധനസഹായ ഓപ്ഷനുകൾ, വ്യാപകമായ വൈദ്യുതീകരണം എന്നിവയാണ് ഇന്ത്യയിലുടനീളം എ.സി വ്യാപനത്തിന് പ്രധാന കാരണമെന്ന് ജാപ്പനീസ് എ.സി നിർമാതാക്കളായ ഡൈകിന്റെ ഇന്ത്യയിലെ മേധാവി കെ.ജെ. ജാവ പറഞ്ഞു. ഇന്ന് എ.സികൾ ഒരു ആഡംബരമായല്ല കണക്കാക്കപ്പെടുന്നത്. മറിച്ച് മാനസികവും ശാരീരികവുമായ ക്ഷേമത്തിന് നല്ല രാത്രി ഉറക്കം അനിവാര്യമായതിനാൽ ആളുകൾ അതിന് മുൻഗണന നൽകുന്നുവെന്നും അദ്ദേഹം പറയുന്നു.
2012 നും 2021 നും ഇടയിൽ ഇന്ത്യയിൽ ഏകദേശം 11,000 പേർ ചൂടു മൂലം മരിക്കുന്നുണ്ടെന്ന് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ചൂടുമായി ബന്ധപ്പെട്ട മരണങ്ങളുടെ യഥാർത്ഥ എണ്ണം പതിനായിരക്കണക്കിന് ആയിരിക്കുമെന്നാണ് പൊതുജനാരോഗ്യ വിദഗ്ധർ പറയുന്നത്. മരണ സർട്ടിഫിക്കറ്റിൽ ചൂട് പലപ്പോഴും ഒരു കാരണമായി പട്ടികപ്പെടുത്തിയിട്ടില്ലാത്തതിനാൽ നിരവധി മരണങ്ങൾ ഔദ്യോഗിക കണക്കുകളിൽ പെടുന്നില്ല.
എ.സി യൂണിറ്റുകൾക്കുള്ളിലെ റഫ്രിജറൻറുകളും അവക്ക് ശക്തി പകരുന്ന കൽക്കരി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയും ആഗോളതാപനത്തെ കൂടുതൽ വഷളാക്കുന്ന വിരോധാഭാസവും നിലനിൽക്കുന്നു. വ്യാപകമായ എ.സി ഉപയോഗം അകത്തുള്ള ചൂട് പുറന്തള്ളുന്നതിലൂടെ പുറത്തെ താപനിലയെ ഉയർത്തുന്നു.
ലോകാരോഗ്യ സംഘടനയും യുഎൻ-ഹാബിറ്റാറ്റും ഉൾപ്പെടെയുള്ള പഠനങ്ങൾ കാണിക്കുന്നത് എ.സി യൂനിറ്റുകൾക്കുള്ളിലെ ചൂട് ഉൽപാദിപ്പിക്കുന്ന മോട്ടോറുകൾക്ക് നഗരപ്രദേശങ്ങളിൽ താപനില ഒരു ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ വർധിപ്പിക്കാൻ കഴിയുമെന്നാണ്.