കോഴിക്കോട് ലോ‍ഡ്ജ് കേന്ദ്രീകരിച്ച സെക്സ് റാക്കറ്റ് കേസ്: മുഖ്യ പ്രതി ഒഡിഷയിൽ പിടിയിൽ

news image
May 13, 2025, 9:19 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ലോ‍ഡ്ജ് കേന്ദ്രീകരിച്ച സെക്സ് റാക്കറ്റ് കേസിൽ മുഖ്യപ്രതി പിടിയിൽ. കെണിയില്‍ കുടുങ്ങിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

അസം സ്വദേശിയായ പ്രതിയെ ഒഡിഷയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. സമൂഹമാധ്യമങ്ങളിലൂടെ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയെ പരിചയപ്പെടുകയും തുടർന്ന് പ്രണയം നടിച്ച് കേരളത്തിലെത്തിക്കുകയുമായിരുന്നു. മാസത്തിൽ 15000 ​രൂപ ശമ്പളത്തിൽ ജോലിയും പ്രതി യുവതിക്ക് വാഗ്ദാനം ചെയ്തിരുന്നു.

കോഴിക്കോട് മുറിയിൽ പൂട്ടിയിട്ടാണ് പ്രതി സെക്സ് റാക്കറ്റ് നടത്തിയിരുന്നത്. തന്നെപ്പോലെ അന്ന് ആ മുറിയിൽ അഞ്ച് പെൺകുട്ടികൾ വേറേയും ഉണ്ടായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ചയാണ് രക്ഷപ്പെട്ട പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്. പലപ്പോഴും മുറി പുറത്തുനിന്ന് പൂട്ടിയിട്ടാണ് ഇയാൾ പുറത്ത് പോയിരുന്നത്. ഒരുദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

ഇതിനിടെ ഒരു ദിവസം മുറി അടക്കാൻ ഇയാൾ മറന്നുപോയപ്പോൾ യുവതി രക്ഷപ്പെടുകയായിരുന്നു. മെഡിക്കൽ കോളജ് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കിയ പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പിടിയിലായ പ്രതിയെ ഉടൻ തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe