കോഴിക്കോട്: ബീച്ചിലെ പഴയ കോർപറേഷൻ ഓഫിസിനടുത്തുനിന്ന് കത്തികൊണ്ട് യുവാക്കളെ കുത്തി പരിക്കേൽപിച്ച കേസിലെ പ്രതികളിൽ ഒരാൾകൂടി അറസ്റ്റിൽ. കാരപ്പറമ്പ് സ്വദേശി ഷഹൻഷ മൻസിലിൽ എം. ഷഹൻഷായെയാണ് (38) ടൗൺ പൊലീസ് പിടികൂടിയത്.
മേയ് പത്തിന് വാഴയൂർ റേഷൻ ഷോപ്പിനടുത്തുള്ള കെട്ടിടത്തിലെ റൂമിൽവെച്ച് കത്തി വീശി ഫാറൂഖ് കോളജ് സ്വദേശി മുഹമ്മദ് ഫർഹാന്റെയും നാല് സുഹൃത്തുകളുടെയും മൊബൈൽ ഫോണും പഴ്സും പ്രതി പിടിച്ചുവാങ്ങുകയും പിന്നീട് അവ തിരിച്ചുതരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കോഴിക്കോട് പഴയ കോർപറേഷൻ ഓഫിസിനടുത്തുനിന്ന് കത്തികൊണ്ട് കൈക്കും കാലിനും കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. കുത്തേറ്റ ഫർഹാൻ നിലവിൽ ചികിത്സയിലാണ്.
ഒപ്പമുണ്ടായിവരുന്ന ആഷിറിനും പരിക്കുണ്ട്. കേസിൽ അരക്കിണർ സ്വദേശി അൻസാർ, ഫാറൂഖ് കോളജിനു സമീപത്തെ മുഷ്താഖി എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഇവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ടൗൺ ഇൻസ്പെക്ടർ ജിതേഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ ഷാലു, ബൈജു, എസ്.സി.പി.ഒമാരായ സുജിത്ത്, ദിപിൻ, അരുൺ എന്നിവർ ചേർന്നാണ് ഷഹൻഷായെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ ചേവായൂർ, കസബ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ ഇനി ഒരു പ്രതിയെകൂടി പിടികൂടാനുണ്ട്.