ന്യൂഡൽഹി: അതിർത്തി മേഖലയിൽ വിവിധയിടങ്ങളിൽ ഇന്നലെ രാത്രിയോടെ വീണ്ടും ഡ്രോണുകൾ കണ്ടെത്തി. ജമ്മു, സാംബ, അഖ്നൂർ, കതുവ, പഞ്ചാബിലെ ഹോഷിയാർപൂർ, അമൃത്സർ തുടങ്ങിയ മേഖലകളിലാണ് വെടിനിർത്തലിന് പിന്നാലെ ഇന്നലെ വീണ്ടും ഡ്രോണുകൾ കണ്ടെത്തിയത്. എന്നാൽ, ആക്രമണസംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, വെടിനിർത്തൽ തുടരുമെന്നും നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ഇന്ത്യൻ സൈനികവൃത്തങ്ങൾ അറിയിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ-പാക് വെടിനിർത്തൽ വിലയിരുത്താനായി ഇരു രാജ്യങ്ങളുടെയും ഡയരക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപറേഷൻ (ഡി.ജി.എം.ഒ) തല ചർച്ച ഇന്നലെ വൈകീട്ട് നടന്നു. ടെലിഫോൺ വഴിയായിരുന്നു ചർച്ച. ചർച്ചയിൽ വെടിനിർത്തൽ തുടരാൻ ധാരണയായി. വൈകീട്ടോടെ തുടങ്ങിയ ചർച്ച 30 മിനിറ്റോളം നീണ്ടതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സിന്ധു നദീജല കരാർ അടക്കമുള്ള കരാറുകൾ ചർച്ച ചെയ്തില്ലെന്നാണ് റിപ്പോർട്ട്.
ജമ്മു-കശ്മീരില്‍ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുകയാണ്. കടകമ്പോളങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രദേശങ്ങളില്‍ ബി.എസ്.എഫ് നിരീക്ഷണം ശക്തമാക്കി. അതിർത്തി ഗ്രാമങ്ങളിലടക്കം സ്ഥിതിഗതികൾ ശാന്തമാണ്.
ശനിയാഴ്ച വൈകിട്ടോടെയായിരുന്നു ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ കരാര്‍ ലംഘിച്ച പാകിസ്താനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സൈനിക ഡയറക്ടര്‍മാര്‍ തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.