പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പിന്നാലെ പാക് പ്രകോപനം, പത്തിടങ്ങളിൽ പാക് ഡോണുകളെത്തി; തകർത്ത് ഇന്ത്യ

news image
May 13, 2025, 2:59 am GMT+0000 payyolionline.in

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിനും തുടർന്നുണ്ടായ ഇന്ത്യ – പാക് സംഘർഷത്തിനും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയുണ്ടായ ശക്തമായ പാക് പ്രകോപനം തകർത്ത് ഇന്ത്യ. ഇന്ത്യ – പാകിസ്ഥാൻ അതിർത്തിയിൽ പത്തിടങ്ങളിലാണ് പാക് ഡ്രോണുകൾ പറന്നെത്തിയത്. എല്ലാം ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനവും സൈന്യവും തകർത്തു. ജമ്മു കശ്മീരിലെ സാംബയിലടക്കം പാക് ഡ്രോണുകൾ എത്തിയെന്നാണ് ഇന്ത്യൻ പ്രതിരോധ സേനകൾ പറയുന്നത്. ഇവ തകർത്തതായും സേനാ വൃത്തങ്ങൾ അറിയിച്ചു.പഞ്ചാബിലെ അമൃത്‌സറിലും ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജമ്മുവിലെ സാംബാ സെക്ടറിൽ പാക് ഡ്രോൺ ഇന്ത്യൻ സേന തകർക്കുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ എൻ ഐയാണ് പുറത്തുവിട്ടത്. പാക് പ്രകോപനം ശക്തമായ സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്.അതേസമയം പാകിസ്ഥാന് കടുത്ത താക്കീതുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യയിലെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവരുടെ ആസ്ഥാനം ഇന്ത്യന്‍ സേനകള്‍ മായ്ച്ച് കളഞ്ഞെന്ന് പ്രധാനമന്ത്ര വ്യക്തമാക്കി. ഭീകരതക്കെതിരെ ഓപ്പറേഷന്‍ സിന്ദൂരായിരിക്കും രാജ്യത്തിന്‍റെ ഇനിയുള്ള നയമെന്നും മോദി പ്രഖ്യാപിച്ചു. സൈനിക നീക്കം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിട്ടേയുള്ളൂവെന്നും, പ്രകോപനം തുടര്‍ന്നാല്‍ മറുപടി ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കുമെന്നും മോദി താക്കീത് നല്‍കി. വ്യാപാരവും ചര്‍ച്ചകളും ഭീകരതക്കൊപ്പം പോകില്ലെന്നും, ജലവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe