തിരുവനന്തപുരം: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെയും എസ്.എസ്.എൽ.സിപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. ഇവർ കേസിൽ പ്രതികളായ സാഹചര്യത്തിലാണ് എസ്.എസ്.എൽ.സി പരീക്ഷാ ഫലം തടഞ്ഞുവച്ചിരിക്കുന്നത്. ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതർ വ്യക്തമാക്കി.
കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികൾ നിലവിൽ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലായിരുന്നു. അന്ന് ഇവരെ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അനുവദിച്ചത് വലിയ വിവാദമായിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാർഥി -യുവജന സംഘടനകൾ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്. താമരശ്ശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന എം.ജെ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും തമ്മിൽ ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലി സംഘര്‍ഷം ഉണ്ടായ സംഘര്‍മാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഫെബ്രുവരി 28 നായിരുന്നു സംഭവം. സംഘർഷത്തെ തുടര്‍ന്ന് വിദ്യാഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            