തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ തീരുമാനിച്ചതിന് പിന്നിൽ പാർട്ടിയുടെ കൂട്ടായ ആലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെപിസിസി അധ്യക്ഷനെ തീരുമാനിച്ചതിൽ സഭാ നേതൃത്വത്തിന് പങ്കില്ലായെന്നും എല്ലാവരുടെയും പ്രതിനിധിയാണ് പുതിയ അധ്യക്ഷനെന്നും വി ഡി സതീശൻ പറഞ്ഞു.
പാർട്ടിയെ നയിക്കാൻ പ്രാപ്തനായ ആളാണ് നേതൃത്വത്തിലേക്ക് വന്നത്. ഇത് ഏറ്റവും സന്തോഷകരമായ തീരുമാനമാണ്. മൂന്നാം തവണ എംഎൽഎയായ ആളാണ് സണ്ണി ജോസഫ് അതിലുപരി ഏറ്റവും മികച്ച പാർലമെൻ്റേറിയനുമാണ്. പലപ്പോഴും പാർലമെൻ്റിൽ പല വിഷയങ്ങളും സംസാരിക്കാൻ സണ്ണി ജോസഫിനെ ഏൽപ്പിക്കാറുണ്ട്. അങ്ങനെ പല കാരണങ്ങൾ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നും വിഡി സതീശൻ പറഞ്ഞു.