പത്തനംതിട്ട: കോഴഞ്ചേരിയിൽ പേവിഷ ബാധയേറ്റ് 13കാരി മരിച്ച സംഭവത്തിൽ നായയെ വളർത്തിയ വീട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. നാരങ്ങാനം തറഭാഗം മേപ്പുറത്ത് വിദ്യാഭവനിൽ തുളസീഭായിക്ക് എതിരെയാണ് കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ ആറന്മുള പൊലീസ് കേസ് എടുത്തത്. 2024 ഡിസംബർ 13ന് രാവിലെ സ്‌കൂൾ ബസ് കാത്തു നിൽക്കുന്നതിനിടെയാണ് നാരങ്ങാനം സ്വദേശിയായ കുട്ടിയെ നായ കടിച്ചത്.
അന്നുതന്നെ കോഴഞ്ചേരി ജില്ലാശുപത്രിയിൽ എത്തിച്ച് പേവിഷബാധയ്ക്ക് എതിരെയുള്ള വാക്സിൻ എടുത്തു.
ഇതിന് പിന്നാലെയാണ് എട്ടാം തീയതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് പേവിഷ ബാധയേറ്റ് കുട്ടി മരിക്കുന്നത്. കുട്ടിയെ കടിച്ച നായ മൂന്നാം ദിവസം ചത്തു. പേവിഷബാധയേറ്റാണ് നായ ചത്തത് എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
അയൽവാസിയുടെ വീട്ടിൽ വളർത്തിയ നായയ്ക്ക് ലൈസൻസോ വാക്സിനേഷനോ എടുത്തിരുന്നില്ലെന്നും അലക്ഷ്യമായി ഇതിനെ തുറന്നു വിട്ടതിനാലാണ് നായ മകളെ കടിച്ചതെന്നുമാണ് മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നാരങ്ങാനം സ്വദേശിയും അയൽവാസിയുമായ തുളസിഭായിക്ക് എതിരെയാണ് ആറന്മുള പൊലീസ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാപിതാക്കൾ ജില്ലാ കളക്ടറെ കണ്ട് പരാതി സമർപ്പിച്ചിരുന്നു.