ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി കോടതിയിൽ രഹസ്യമൊഴി നൽകി. പകൽ 2.30 ന് ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് ഒരുമണിക്കറിനകം പൂർത്തിയായി.
പ്രധാന പ്രതി തസ്ലീമയുമായുള്ള വാട്സ് ആപ്പ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളും സൗഹൃദവും സംബന്ധിച്ച് എക്സൈസിന് നൽകിയ മൊഴി വിചാരണ വേളയിൽ മാറ്റുന്നതൊഴിവാക്കാനാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകിയത്. ഇതിനായി അന്വേഷക ഉദ്യോഗസ്ഥർ അപേക്ഷയും നൽകിയിരുന്നു.
കഞ്ചാവ് കടത്തിനുപയോഗിച്ച കാറിന്റെ ഉടമ ശ്രീജിത്തിന്റെ മൊഴിയും രേഖപ്പെടുത്തി. വാടകയ്ക്ക് നൽകിയ കാറാണെന്നും കാർ വിട്ടുകിട്ടണമെന്നും കാട്ടി നേരത്തെ ശ്രീജിത്ത് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. റെന്റ് എ കാർ ചട്ടങ്ങൾക്ക് വിരുദ്ധമായി വാഹനം നൽകിയതിനാൽ ഉടമയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം അപേക്ഷ പിന്നീട് പരിഗണിക്കാനായിരുന്നു കോടതിയുടെ തീരുമാനം.ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ശ്രീനാഥ് ഭാസി സമ്മതിച്ചിരുന്നു. ലഹരിയിൽ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണെന്നായിരുന്നു മൊഴി. തസ്ലിമ കഞ്ചാവ് ഒളിപ്പിച്ച ഫ്ലാറ്റിന്റെ ഉടമ അമൃത, കോൾ ലിസ്റ്റിലും സാമ്പത്തിക ഇടപാടുകളിലും ഉൾപ്പെട്ട പ്രസൂൺ, അബ്ദു, കാർ റെന്റിനെടുക്കാൻ ഉപയോഗിച്ച ലൈസൻസിന്റെ ഉടമ മഹിമ എന്നീ സാക്ഷികളുടെ രഹസ്യമൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും.