കോടഞ്ചേരി (കോഴിക്കോട്): ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം കാണാൻ മലപ്പുറത്ത് നിന്നെത്തിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറത്ത് നിന്ന് പതങ്കയത്തെത്തിയ പത്തംഗ സംഘത്തിലുണ്ടായിരുന്ന വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കൽ വീട്ടിൽ റമീസ് (20) ആണ് വൈകിട്ട് മൂന്നുമണിയോടെ പുഴയിൽ മുങ്ങിമരിച്ചത്. പരപ്പനങ്ങാടിയിലെ പെട്രോൾ പമ്പ് ജീവനക്കാരനാണ്. അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയിൽ നിന്ന് പതങ്കയത്ത് എത്തിയത്.
തുടരെ മുങ്ങിമരണങ്ങൾ ഉണ്ടാകുന്ന പതങ്കയത്ത് വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്ന ആക്ഷേപം പലപ്പോഴും നാട്ടുകാർ ഉയർത്താറുണ്ട്. അപകടസാധ്യതയെ തുടർന്ന്, പുഴയിൽ വെള്ളം അധികമുള്ള കാലയളവിൽ നാരങ്ങാത്തോട് വഴി എത്തുന്നവരെ പലപ്പോഴും നാട്ടുകാർ തിരിച്ചയയ്ക്കുകയാണു പതിവ്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ വഴിയും സഞ്ചാരികൾ പതങ്കയത്ത് എത്തുന്നുണ്ട്. ആനക്കാംപൊയിൽ വഴി എത്തുന്നവരെ നിയന്ത്രിക്കുന്നതിനു മാർഗങ്ങളൊന്നും ഒരുക്കിയിട്ടില്ല. സൈൻ ബോർഡുകൾ സ്ഥാപിക്കൽ, ഫെൻസിങ്, ലൈഫ് ഗാർഡുകളെ ഏർപ്പെടുത്തൽ തുടങ്ങിയവ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കോഴിക്കോട് ജില്ലയിൽ മുങ്ങിമരണ സാധ്യതയുള്ള 47 പ്രദേശങ്ങളുടെ പട്ടിക മുൻപ് ജില്ലാ ഫയർ ഓഫിസർ പുറത്തുവിട്ടിരുന്നു. ഇതിൽ നിരവധി കയങ്ങളുള്ള പതങ്കയവും ഉൾപ്പെടുന്നു.
അഗ്നിരക്ഷാസേനയുടെ പട്ടിക പ്രകാരം, കോഴിക്കോട്ട് തുടർച്ചയായി മുങ്ങിമരണങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ
∙ മണിയൂർ അട്ടക്കുണ്ട് കടവ് പാലം
∙ മണിയൂർ തുറശ്ശേരി കടവ് പാലം
∙ മണിയൂർ പാലയട നട പാലം
∙ മേമുണ്ട– ക്വാറി
∙ വടകര സാൻഡ് ബാങ്ക്സ്– ബീച്ച്
∙ എടച്ചേരി– കളിയാംവെള്ളി കനാൽ
∙ തിരുവള്ളൂർ– മാഹി കനാൽ
∙ പരവന്തല കുളം
∙ കളിയാംവെള്ളി– കല്ലേരി കനാൽ
∙ മൂരാട് പുഴ
∙ കൊളാവി പാലം– ബീച്ച്
∙ പൂളക്കടവ് ഈസ്റ്റ്, വെള്ളിമാടുകുന്ന്– പുഴ
∙ കൃഷ്ണകടവ്, കണ്ണാടിക്കൽ– പുഴ
∙ പെരുവയൽ കുളം
∙ തണ്ണീർപന്തൽ കുളം
∙ ചിറ്റടിക്കടവ്– പുഴ
∙ പൂനൂർ പുഴ, കുന്നമംഗലം ഭാഗം
∙ ചാലിയാർ പുഴ റഗുലേറ്റർ കം ബ്രിജ്
∙ പതങ്കയം പുഴ
∙ അരിപ്പാറ വെള്ളച്ചാട്ടം
∙ തുഷാരഗിരി വെള്ളച്ചാട്ടം
∙ ചാലിപ്പുഴ
∙ തിരുവമ്പാടി ഇലന്തുകടവ്
∙ കുറുങ്കയം
∙ വിഷ്ണുമംഗലം പാലം
∙ കടന്തറ പുഴ
∙ മാഹി കനാൽ, വടകര
∙ മടപ്പള്ളി പുഴ
∙ പെരിങ്ങത്തൂർ പാലം
∙ അറപ്പുഴ പാലം
∙ മാമ്പുഴ
∙ പന്നിയങ്കര കുളം
∙ തിരുവണ്ണൂർ കുളം
∙ മാങ്കാവ് തൃശ്ശാല കുളം
∙ കുറ്റിച്ചിറ കുളം
∙ തങ്ങൾ കുളം
∙ കണ്ണൻകുളം
∙ തളി കുളം
∙ കോഴിക്കോട് ബീച്ച്
∙ കോരപ്പുഴ പാലം
∙ കുനിയിൽകടവ് പാലം
∙ തോരായിക്കടവ് പാലം
∙ മുത്താമ്പി പാലം
∙ നെല്യാടിക്കടവ് പാലം
∙ കൊടിക്കൽ ബീച്ച്
∙ കക്കയം
∙ കരിയാത്തുംപാറ