തിരുവനന്തപുരം: ചാര്‍ജിങ് സ്റ്റേഷനുകളില്‍ ഇ-വാഹനം ചാര്‍ജ് ചെയ്യുന്നതിന് ദിവസം രണ്ടുനിരക്കുകള്‍ പ്രാബല്യത്തിലായി. രാവിലെ ഒന്പതുമുതല് വൈകുന്നേരം നാലുമണിവരെ കുറഞ്ഞനിരക്കും നാലുമുതല്‍ അടുത്തദിവസം രാവിലെ ഒന്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകല്‍ സൗരോര്ജംകൂടി പ്രയോജനപ്പെടുത്താനാകുന്നതിനാല് ഈ ആനുകൂല്യം വാഹന ഉടമകള്‍ക്ക് ലഭ്യമാക്കാന്‍ റെഗുലേറ്ററി കമ്മിഷന് നിര്‍ദേശിച്ചിരുന്നു.
ചാര്‍ജിങ്ങിന് പൊതുവായ നിരക്ക് യൂണിറ്റിന് 7.15 രൂപയാണ്. വൈകുന്നേരം നാലിനുമുന്‍പ് 30 ശതമാനം കുറവായിരിക്കും (യൂണിറ്റിന് അഞ്ചുരൂപ). അതിനുശേഷം 30 ശതമാനം കൂടുതല്‍ (9.30 രൂപ). ഇതിനുപുറമേ ഓരോയിടത്തും വ്യത്യസ്തനിരക്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും.
ലാഭം സൗരോര്‍ജ മണിക്കൂറില്‍
ഇത്തവണ വൈദ്യുതിനിരക്ക് പരിഷ്കരിച്ചപ്പോള്‍ വാഹനച്ചാര്ജിങ്ങിന് രണ്ടുനിരക്ക് നിശ്ചയിച്ചിരുന്നു. വൈദ്യുതിനിരക്ക് കണക്കാക്കാന്‍ ദിവസത്തെ മൂന്ന് സമയമേഖലകളായി തിരിക്കുകയാണ് പതിവ്. എന്നാല്‍, ചാര്‍ജിങ് സ്റ്റേഷനുകളുടെ കാര്യത്തില്‍ സമയമേഖലകള്‍ രണ്ടായി ചുരുക്കിയിരുന്നു (രാവിലെ ഒന്പതുമുതല് വൈകുന്നേരം നാലുവരെയും വൈകുന്നേരം നാലിനുശേഷം അടുത്തദിവസം രാവിലെ ഒന്പതുവരെയും)
ഈ സമയമേഖലകള്ക്കനുസരിച്ച് മീറ്ററുകള്‍ ക്രമീകരിക്കാനും പുതിയവ സ്ഥാപിക്കാനും ഏപ്രില്‍ ഒന്നുവരെയാണ് റെഗുലേറ്ററി കമ്മിഷന് സമയം നല്‍കിയിരുന്നത്.
ലക്ഷ്യം കാര്‍ബണ്‍ വികിരണം കുറയ്ക്കല്‍
രാത്രിയില്‍ കൂടുതല്‍ വാഹനങ്ങള്‍ ചാര്‍ജുചെയ്താല്‍ സൗരോര്‍ജംപോലുള്ള ഹരിതസ്രോതസ്സുകള്‍ പ്രയോജനപ്പെടുത്താനാവില്ല. ഇത് കാര്‍ബണ്‍ വികിരണം കൂട്ടും. ഇ-വാഹനങ്ങള്‍ പ്രോത്സാഹിപ്പിച്ച് കാര്‍ബണ്‍ വികിരണം കുറയ്ക്കുക എന്ന ലക്ഷ്യത്തിനും എതിരാണിത്. വാഹനച്ചാര്ജിങ് പകല്‍ നടത്തിയാല്‍ രാത്രിയിലെ വൈദ്യുതി ഉപയോഗം കുറയ്ക്കാനുമാകും.