വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി മോദി തിരുവനന്തപുരത്ത്; നഗരത്തിൽ കനത്ത സുരക്ഷ

news image
May 1, 2025, 2:53 pm GMT+0000 payyolionline.in

തിരുവനന്തപുരം : കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. പ്രധാനമന്ത്രിയെ കാണാനും അഭിവാദ്യം അർപ്പിക്കാനും റോഡിന്റെ ഇരുവശത്തും ബിജെപി പ്രവർത്തകരും പൊതുജനങ്ങളും തിങ്ങിനിറഞ്ഞു. നഗരത്തിലെങ്ങും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ തലസ്ഥാനത്ത് മണക്കാട്ടുള്ള യുഎഇ കോൺസുലേറ്റിൽ ബോംബ് ഭീഷണിയുണ്ടായി. ഇന്ന് മാത്രം തിരുവനന്തപുരത്ത് 5 ബോംബ് ഭീഷണി സന്ദേശങ്ങളാണ് ഉണ്ടായത്.

ഇന്ന് രാത്രി രാജ്ഭവനിലാണ് പ്രധാനമന്ത്രി തങ്ങുന്നത്. നാളെ രാവിലെ 10.15നു ഹെലികോപ്റ്ററിൽ വിഴിഞ്ഞം തുറമുഖത്തെത്തും. പോർട്ട് ഓപ്പറേഷൻ സെന്റർ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം ബെർത്ത് സന്ദർശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമർപ്പിക്കും. പന്ത്രണ്ടോടെ മടങ്ങും.

ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ സർബാനന്ദ സോനോവാൾ, ജോർജ് കുര്യൻ, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, സജി ചെറിയാൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ.റഹിം, എം.വിൻസന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ഗൗതം അദാനി, കരൺ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ വേദിയിലുണ്ടാകും. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe