തൃശൂർ: തൃശൂർ പൂരത്തിന് വിപുലമായ സുരക്ഷ ക്രമീകരണം ഏർപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹെബ്. 4000ലധികം പൊലീസുകാരെ വിന്യസിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട സജ്ജീകരണം പൂർത്തിയായതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. 4000 പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ എൻ.ഡി.ആർ.എഫ്, തണ്ടർ ബോൾട്ട്, അർബൻ കമാൻഡോസ് വിഭാഗങ്ങളും സുരക്ഷാ ഡ്യൂട്ടിക്കുണ്ടാകുമെന്ന് ഡി.ജി.പി പറഞ്ഞു. പൂരം വെടിക്കെട്ട് സുരക്ഷിതമായ ദൂരപരിധി പാലിച്ച് ജനങ്ങള്‍ക്ക് വീക്ഷിക്കാൻ കൂടുതല്‍ സൗകര്യമൊരുക്കും. സമയകൃത്യതക്ക് ഓരോ ചെറുപൂരത്തിനോടൊപ്പം നിലവിലെ ഡ്യൂട്ടിക്കാര്‍ കൂടാതെ ഓരോ ലെയ്സണ്‍ ഓഫിസറെ മുന്‍കൂട്ടി നിശ്ചയിക്കും. പൊലീസ് വകുപ്പ് രണ്ട് മാസം മുമ്പ് പൂരത്തിന്റെ സുരക്ഷ നടപടിക്ക് ഒരുക്കം തുടങ്ങിയിരുന്നു. വിന്യസിക്കുന്ന സേനാംഗങ്ങളിൽ 35 ഡിവൈ.എസ്.പി.മാർ, 71 ഇൻസ്പെക്ടർമാർ, 280 എ.എസ്.ഐ, എസ്.സി.പി.ഒ. റാങ്കിലുള്ളവർ, 3400ഓളം സിവിൽ പൊലീസ് ഓഫിസർ, 200 വനിത സി.പി.ഒ എന്നിവരുണ്ട്.
സുരക്ഷ ചുമതലയിലുള്ള എല്ലാ സീനിയർ ഓഫിസർമാരും ഇൻസ്പെക്ടർമാരും പരിചയസമ്പന്നരായിരിക്കും. സുരക്ഷ വർധനയുടെ ഭാഗമായി 10 ഡ്രോണുകളും ഒരു ആന്റി ഡ്രോൺ സിസ്റ്റവും വിന്യസിക്കും. പെഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ക്രമീകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഡി.ജി.പി പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 44 ഇടങ്ങളിലായി പാർക്കിങ് സജ്ജമാക്കിയിട്ടുണ്ട്. പാര്‍ക്കിങ് സ്ഥലങ്ങളുടെ ലൊക്കേഷന്‍ പൊതുജനങ്ങള്‍ക്ക് അറിയാൻ ക്യു.ആർ കോഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തിൽ 337 സി.സി.ടി.വി കാമറ സ്ഥാപിച്ചിട്ടുണ്ട്. ലഹരി ഉപയോഗം തടയാൻ സ്പെഷൽ സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.
പൂരവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടിയാലോചിച്ചാണ് കാര്യങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം തെക്കേ ഗോപുരനടയിൽ എത്തിയ ഡി.ജി.പി പടിഞ്ഞാറെനട, പഴയ നടക്കാവ്, വെടിക്കെട്ട് നടക്കുന്ന സ്ഥലം എന്നിവിടങ്ങളിലും സന്ദർശിച്ചു. പൂരം പ്രദർശന നഗരിയിലെ പൊലീസ് പവലിയനിലുമെത്തി. ഡി.ജി.പിക്കൊപ്പം നോർത്ത് സോൺ ഐ.ജി രാജ്പാൽ മീണ, ഡി.ഐ.ജി ഹരിശങ്കർ, സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ, റൂറൽ എസ്.പി ബി. കൃഷ്ണകുമാർ, എ.സി.പിമാരായ കെ.കെ. സജീവൻ, സലീഷ് എൻ. ശങ്കരൻ, എ.സി. സേതു, എസ്.പി. സുധീരൻ, സി.ആർ. സന്തോഷ്, ഷൈജു, ഈസ്റ്റ് ഇൻസ്പെക്ടർ എം.ജെ. ജിജോ, പാറേമക്കാവ് ദേവസ്വം പ്രസിഡന്റ് ബാലഗോപാൽ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്കുമാർ എന്നിവരും ഉണ്ടായിരുന്നു.
വടക്കുംനാഥൻ ദേവസ്വം മാനേജറെ മാറ്റി
തൃശൂർ: തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ പൂരത്തിന് ആതിഥേയത്വം വഹിക്കുന്ന വടക്കുംനാഥൻ ദേവസ്വത്തിന്റെ മാനേജർക്ക് സ്ഥലം മാറ്റം. മാനേജർ സരിതയെയാണ് മാറ്റിയത്. പകരം കൊടുങ്ങല്ലൂർ അസി. കമീഷണർ ഓഫിസിലെ വി.ആർ. രമയെ മാനേജരായി നിയമിച്ചു. നാളുകളായി സരിത ക്ഷേത്രോപദേശക സമിതിയുമായി ഉടക്കിലായിരുന്നുവെന്ന് പറയുന്നു. ഇതിനിടെ കാലാവധി തീർന്ന ഉപദേശക സമിതിയെതന്നെ ഉത്സവാഘോഷ കമ്മിറ്റി എന്ന പേരിൽ നിയമിക്കാൻ ബോർഡ് അധികൃതർ സമ്മർദം ചെലുത്തിയിരുന്നതായും ഇതിനെ എതിർത്തതാണ് സ്ഥലംമാറ്റത്തിന് കാരണമെന്നും പറയപ്പെടുന്നു.
വടക്കുംനാഥ ക്ഷേത്രത്തിൽ കാലാവധി കഴിഞ്ഞ ഉപദേശക സമിതിയെ പുതിയ പേരിൽ അവരോധിച്ച കൊച്ചിൻ ദേവസ്വം ബോർഡിന്റെ നടപടിയിൽ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. ഇത് കോടതി അലക്ഷ്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡന്റ് വി. മുരളീധരൻ അധ്യക്ഷത വഹിച്ചു. സി.ബി. പ്രദീപ്കുമാർ, കെ.പി. മണികണ്ഠൻ, വി.കെ. സജിത്, ഹരി മുള്ളൂർ, കെ.കെ. മുരളീധരൻ, പ്രേംരാജ്, ജി. ഗിരിധരൻ എന്നിവർ സംസാരിച്ചു.