വേനല്‍ക്കാലം ചര്‍മത്തിന് ഏറ്റവും കൂടുതല്‍ കരുതല്‍ നല്‍കേണ്ട സമയമാണ്. പുറത്തിറങ്ങി അല്‍പനേരം വെയില്‍ കൊണ്ടാല്‍ മതി ചര്‍മം പെട്ടെന്ന് കരുവാളിക്കാന്‍. ചര്‍മത്തിന്റെ ഫ്രെഷ്‌നസ് വീണ്ടെടുക്കാനും തിളക്കം നിലനിര്‍ത്താനും നാം പല വിദ്യകളും പ്രയോഗിക്കാറുണ്ട്. ആരോഗ്യകരമായ ഭക്ഷണവും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും കൃത്യമായ ജീവിതശൈലിയുമൊക്കെ പിന്തുടരുന്നത് ചര്‍മത്തിന്റെ ഇലാസ്തികതയും മൃദത്വവും നിലനിര്‍ത്താന്‍ സഹായിക്കും.അമിതമായ ചൂട്, വിയര്‍പ്പ്, ഈര്‍പ്പം, കാഠിന്യമേറിയ സൂര്യപ്രകാശം എന്നിവ ചര്‍മത്തിന് പ്രതികൂലമായ ഘടകങ്ങളാണ്. ചര്‍മത്തിന്റെ വരള്‍ച്ചയാണ് ഈ കാലയളവില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. അതേസമയം, ചില ടിപ്‌സുകളിലൂടെ ക്ഷീണിച്ചു വാടിയ ചര്‍മത്തിന്റെ ഉന്മേഷം വീണ്ടെടുക്കാന്‍ കഴിയും. ഇത് പറയുന്നത് മറ്റാരുമല്ല, ബോളിവുഡിനെ സൗന്ദര്യം കൊണ്ടും കഴിവു കൊണ്ടും കീഴടക്കിയ നടി മാധുരി ദീക്ഷിതാണ്. എണ്‍പതുകളില്‍ ഹിന്ദി സിനിമാലോകത്ത് അരങ്ങേറിയ നടി ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിലെ മുന്‍നിര നായികയായി മാറി.
പ്രായം 57 പിന്നിട്ടിട്ടും ഇപ്പോഴും അന്നത്തെ സൗന്ദര്യവും പ്രസരിപ്പും വാടാതെ സൂക്ഷിക്കുന്ന മാധുരി തന്റെ സൗന്ദര്യത്തിന്റെയും മൃദുവായ ചര്‍മത്തിന്റെയും പിന്നില്‍ ലളിതമായ നാടന്‍ ടിപ്‌സുകളാണെന്ന് പറയുന്നു. സൗന്ദര്യത്തിനായി ബ്യൂട്ടി പാര്‍ലറില്‍ പോയി വലിയ തുകയൊന്നും മുടക്കേണ്ട കാര്യമില്ല. ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുകയാണ് വേണ്ടത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കിട്ട ഒരു വീഡിയോയിലാണ് മാധുരി തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുന്നത്. വെയിലേറ്റു കരുവാളിച്ച ചര്‍മ്മത്തിന്റെ ഫ്രെഷ്‌നസ് വീണ്ടെടുക്കാന്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച വെള്ളരിക്ക കഷ്ണങ്ങള്‍ പാലില്‍ മുക്കി മുഖത്ത് പുരട്ടുന്നത് ഏറെ നല്ലതാണെന്ന് മാധുരി ദീക്ഷിത് പറയുന്നു. ഇത് ചര്‍മത്തിന്റെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുകയും കരുവാളിപ്പും വരള്‍ച്ചയും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ ടിപ്പ് മുഖത്തിന്റെ തിളക്കവും മിനുസവും വീണ്ടെടുക്കാനും സഹായിക്കുന്നു. പുറത്തേക്കു പോകുന്നതിന് മുന്‍പോ അല്ലെങ്കില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കേണ്ടി വരുമ്പോഴോ ഈ ടിപ്പ് ഉപയോഗിച്ചാല്‍ ചര്‍മത്തിന് ഒട്ടും ക്ഷീണം അനുഭവപ്പെടില്ല. അതിനായി വെള്ളരിക്ക വൃത്താകൃതിയിലുള്ള കഷ്ണങ്ങളാക്കി മുറിച്ച് കുറച്ച് പാലില്‍ മുക്കി 10-20 മിനിറ്റ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. 15 മിനിറ്റ് കഴിഞ്ഞ് ഫ്രിഡ്ജില്‍ നിന്ന് എടുത്തശേഷം ഈ കഷ്ണങ്ങള്‍ മുഖത്തും കണ്ണുകളിലും കഴുത്തിലും 10-15 മിനിറ്റ് വയ്ക്കുക. കഷ്ണങ്ങള്‍ മുഖത്ത് പതിയെ തടവുന്നതും നല്ലതാണ്.