ന്യൂഡൽഹി: ഇന്ത്യൻ സർക്കാർ പാകിസ്താൻ പൗരർക്കുള്ള വിസ സേവനങ്ങൾ റദ്ദാക്കിയതിനു പിന്നാലെ, തന്നെ തിരികെ അയക്കരുതെന്ന അഭ്യർഥനയുമായി സീമ ഹൈദർ രംഗത്ത്. 2023ൽ കാമുകനൊപ്പം ജീവിക്കാൻ പാകിസ്താനിൽനിന്ന് ഇന്ത്യയിലെത്തിയതാണ് സീമ ഹൈദർ. സിന്ധ് പ്രവിശ്യയിൽനിന്ന് നാല് കുട്ടികളോടൊപ്പം നേപ്പാൾ വഴി എത്തിയ സീമ ഹൈദർ ഉത്തർപ്രദേശിലെ നോയിഡയിൽ കാമുകനായ സച്ചിൻ മീണയോടൊപ്പമാണ് നിലവിൽ താമസിക്കുന്നത്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ തനിക്ക് തിരികെ പോകേണ്ടെന്നും ഇന്ത്യയിൽ തുടരാൻ പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗിയും അനുവദിക്കണമെന്ന് പറയുകയാണ് അവർ.
“ഞാൻ പാകിസ്താന്റെ മകളായിരുന്നു. എന്നാലിപ്പോൾ ഇന്ത്യയുടെ മരുമകളാണ്. എനിക്ക് പാകിസ്താനിലേക്ക് മടങ്ങിപ്പോകണ്ട. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ഞാനിപ്പോൾ അവരിൽ അഭയം തേടുകയാണെന്നും, അതിനാൽ ഇന്ത്യയിൽ തുടരാൻ എന്നെ അനുവദിക്കണമെന്ന് അഭ്യർഥിക്കുകയുമാണ്” -സീമ പറഞ്ഞു. സച്ചിൻ മീണയെ വിവാഹം ചെയ്തശേഷം താൻ ഹിന്ദുമതം സ്വീകരിച്ചെന്നും സീമ അവകാശപ്പെട്ടു.
സീമക്ക് ഇന്ത്യയിൽ തുടരാനാകുമെന്നാണ് പ്രതീക്ഷയെന്ന് അവരുടെ അഭിഭാഷകനായ എ.പി. സിങ്ങ് പറഞ്ഞു. “സീമ ഇപ്പോൾ പാകിസ്താനിയല്ല. ഗ്രേറ്റർ നോയിഡ സ്വദേശിയായ സച്ചിൻ മീണയെ അവർ വിവാഹം ചെയ്തു. അവർ മകൾക്ക് ജന്മംനൽകി, ഭരതി മീണയെന്ന് പേരിട്ടു. അവരുടെ പൗരത്വം ഇന്ത്യക്കാരനായ ഭർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ കേന്ദ്രനിർദേശം സീമക്ക് ബാധകമാകില്ല” -അദ്ദേഹം വ്യക്തമാക്കി.
2023 മേയിലാണ് സീമ ഹൈദർ കറാച്ചിയിലെ വീടുവിട്ടിറങ്ങിയത്. അനധികൃതമായി ഇന്ത്യയിലെത്തിയ സീമയെ ജൂലൈയിൽ സച്ചിൻ മീണക്കൊപ്പം കഴിയവെ അധികൃതർ പിടികൂടി. പിന്നീട് പൊലീസും വിവിധ ഏജൻസികളും ഇവരെ ചോദ്യം ചെയ്തിരുന്നു. 2019ൽ ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ പരിചയത്തിലായത്.
അതേസമയം പഹൽഗാമിലെ ഭീകരാക്രമണത്തിനു പിന്നാലെയാണ് പാകിസ്താനെതിരെ കേന്ദ്രം കടുത്ത നടപടികൾ സ്വീകരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം തകരുകയും ഇന്ത്യ സിന്ധുനദീജല കരാറിൽനിന്ന് പിന്മാറുകയും ചെയ്തു. അതിർത്തികൾ അടച്ചതിനു പിന്നാലെ വിസാ സർവീസുകളും ഇന്ത്യ റദ്ദാക്കി. വിസിറ്റിങ് വിസയിൽ വന്നവർ ഞായറാഴ്ചക്കകവും ചികിത്സക്കെത്തിയവർ ചൊവ്വാഴ്ചക്കകവും മടങ്ങണമെന്നാണ് നിർദേശം.