പത്തനംതിട്ട: മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾക്ക് ശാപമോക്ഷം. അബാൻ പാലം പണി നടക്കുന്നതിനാൽ സ്വകാര്യ ബസ് സ്റ്റാൻഡിനു മുൻവശത്തു കൂടി ഉള്ള റോഡ് രണ്ട് വർഷമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു.
അറ്റകുറ്റപ്പണികൾ നടത്തണമെന്നു നാട്ടുകാരും വ്യാപാരികളും പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ അനങ്ങിയില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനം സ്വകാര്യ ബസ് സ്റ്റാൻഡിലാണു നടക്കുന്നത്. ഇവിടേക്ക് എത്തണമെങ്കിൽ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കടന്നു പോകണം.
സ്റ്റാൻഡിൽ നിന്നു ബസുകൾ പുറത്തേക്കിറങ്ങുന്ന ഭാഗം വലിയ കുഴിയായിരുന്നു. ഇവിടെ ബസുകളുടെ അടിഭാഗം ഇടിക്കുന്നതിനാൽ വളരെ ബുദ്ധിമുട്ടിയാണ് ബസുകൾ കടന്നു പോയിരുന്നത്. മുഖ്യമന്ത്രിയുടെ പരിപാടി പ്രമാണിച്ച് ഇവിടെയുണ്ടായിരുന്ന കുഴി മണ്ണുമാന്തി ഉപയോഗിച്ച് നികത്തി മെറ്റലിട്ട് ടാറിങ്ങും നടത്തി. സ്വകാര്യ സ്റ്റാൻഡ് മുതൽ കെഎസ്ആർടിസിയുടെ ഭാഗത്ത് റോഡ് ചേരുന്നിടം വരെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിൽ കുഴിയടയ്ക്കൽ ഇല്ല.
മുഖ്യമന്ത്രിയുടെ വാഹനം സ്റ്റേജിന്റെ ഭാഗത്തേക്കു സ്വകാര്യ സ്റ്റാൻഡിലൂടെ കടന്നു പോകുന്നതിനാൽ സ്റ്റാൻഡിന്റെ രണ്ട് കവാടങ്ങൾക്ക് ഇടയിലുള്ള ഭാഗത്തും ടാറിങ് നടത്തുന്നില്ല.അബാൻ മേൽപാലം പണി മൂലം ഇവിടെ ഉണ്ടായ കുഴികളും നികത്തി റോഡ് സഞ്ചാരയോഗ്യമാക്കുന്നുണ്ട്.