കുഞ്ഞുവാവ കൈപിടിച്ചു, കണ്ടക്ടർക്ക് സംശയം; വണ്ടി സ്റ്റേഷനിലേക്ക്, തട്ടിക്കൊണ്ടുപോകൽ ശ്രമം പാളി

news image
Apr 24, 2025, 1:16 pm GMT+0000 payyolionline.in

പന്തളം: കെഎസ്ആര്‍ടിസി ബസിലേക്ക് നാടോടി സ്ത്രീക്കൊപ്പം കയറിയ മൂന്നരവയസ്സുകാരി കണ്ടക്ടര്‍ അനീഷിന്റെ കൈകളില്‍ പിടിച്ചു. വാത്സല്യം കാണിച്ച അദ്ദേഹത്തിന്റെ സീറ്റിനരികില്‍നിന്ന് ആ മൂന്നരവയസ്സുകാരി പിന്നെ മാറാതെ നിന്നു. ഒരു സുരക്ഷിതബോധത്തോടെ അവള്‍ അവിടെ ഓരം ചേര്‍ന്നു. കുഞ്ഞിന്റെ മുഖവും കണ്ണുകളും എന്തോ പറയാതെ പറയുന്നത് അപ്പോഴേ അനീഷ് തിരിച്ചറിഞ്ഞു. കുളനട എഴീക്കാട് സ്വദേശിയായ കണ്ടക്ടറുടെ ഈ തിരിച്ചറിവിലൂടെ രക്ഷിക്കാനായത് നാടോടി സ്ത്രീ കൊല്ലത്തുനിന്ന് തട്ടിക്കൊണ്ടുപോയ മൂന്നരവയസ്സുകാരിയെ.

തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിന് പോകുന്ന ചെങ്ങന്നൂര്‍ ഡിപ്പോയിലെ സൂപ്പര്‍ ഫാസ്റ്റിലാണ് ചൊവ്വാഴ്ച ഉച്ചയോടെ അടൂരില്‍നിന്ന് സ്ത്രീ കുട്ടിയേയുംകൊണ്ട് കയറിയത്. ബസില്‍ കയറിയപ്പോള്‍ത്തന്നെ അനീഷിന്റെ കൈയില്‍ കടന്നുപിടിക്കുകയും കണ്ടക്ടറുടെ സീറ്റിനരികില്‍ കുട്ടി ഇടംപിടിക്കുകയും ചെയ്തിരുന്നു. കുട്ടി മലയാളവും സ്ത്രീ തമിഴും സംസാരിക്കുന്നത് കേട്ടപ്പോള്‍ത്തന്നെ സംശയം തോന്നിയ കണ്ടക്ടര്‍ ടിക്കറ്റ് ചോദിക്കുകയും ഇവരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. കൈയില്‍ പണമില്ലാത്തതിനാല്‍ പന്തളത്തിനടുത്ത് ഇറക്കിവിടാമെന്ന് കരുതിയെങ്കിലും കുട്ടിയെ തട്ടിക്കൊണ്ട് വന്നതാകാമെന്ന സംശയത്താല്‍ അനീഷ് ബസ് പന്തളം പോലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിച്ചു. തുടര്‍ന്ന് സ്ത്രീയെയും കുട്ടിയെയും പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. യാത്രക്കാരുടെ ബുക്കിങ് ഉള്ള ബസ് ആയതിനാല്‍ ഉടന്‍ യാത്ര തുടരുകയും ചെയ്തു.

കോയമ്പത്തൂര്‍ സ്വദേശിയെന്ന് സംശയിക്കുന്ന ദേവി(35)യാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവര്‍ വ്യക്തമായ മൊഴി പോലീസിന് നല്‍കിയിട്ടില്ല. ഇവരെ വിശദമായി ചോദ്യംചെയ്തുവരുന്നതേയുള്ളു. പ്രാഥമികാന്വേഷണത്തില്‍ കുട്ടി ഇവരുടേതല്ലെന്നു പോലീസിന് ബോധ്യപ്പെട്ടിരുന്നു. കൊല്ലം കുന്നിക്കോട് സ്വദേശിനിയുടേതാണ് കുട്ടിയെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. മാനസിക പ്രശ്നങ്ങളുള്ള അമ്മ തിങ്കളാഴ്ച വൈകുന്നേരം കുഞ്ഞിനേയും കൂട്ടി കൊല്ലം ബീച്ച് കാണാനെത്തിയതാണ്. ഇവിടെനിന്ന് നാടോടി സ്ത്രീ കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. രാത്രി ബന്ധുക്കളെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.

കുറച്ചുനേരത്തേക്കവർക്കൊരു കുഞ്ഞുവാവ

പന്തളം: കുറച്ചു മണിക്കൂറുകളെ ഉണ്ടായിരുന്നുള്ളൂവെങ്കിലും നാടോടിസ്ത്രീ തട്ടിക്കൊണ്ടുവന്ന മൂന്നരവയസ്സുകാരി പന്തളം പോലീസിന്റെ വാവയായി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കെഎസ്ആർടിസി ബസിൽനിന്നും കണ്ടക്ടർ അനീഷിന്റെ ഇടപെടൽകാരണം കുട്ടി പോലീസിനരികിൽ എത്തിയത്. സ്‌റ്റേഷനിൽ സ്ത്രീയെയും കുട്ടിയെയും എത്തിച്ചശേഷം ബുക്കിങ് ഉള്ള വണ്ടിയായതിനാൽ അനീഷ് ബസ് തൃശ്ശൂരിലേക്ക് വിട്ടുപോയി. ജിഡി ചാർജ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ജലജയാണ് കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

ഏതാനും നിമിഷംകൊണ്ടുതന്നെ അമ്മയെപ്പോലെ കുട്ടി ജലജയുമായി ഇണങ്ങി. നാടോടിസ്ത്രീക്കൊപ്പം മുഷിഞ്ഞ വേഷത്തിൽനിന്ന കുട്ടിയെ കുളിപ്പിച്ച് പുത്തനുടുപ്പും പുത്തൻ ചെരിപ്പും വാങ്ങി നൽകി. അപ്പോഴേക്കും പോലീസ് മാമന്മാർ കളിപ്പാട്ടവുമായെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് എസ്ഐ ബി.ഷൈനും എസ്ഐ സന്തോഷ്‌കുമാറും മറ്റ് പോലീസുദ്യോഗസ്ഥരും കുട്ടിയെ എടുത്ത് ലാളിക്കുന്നുണ്ടായിരുന്നു. പകൽ ജോലിചെയ്ത് ക്ഷീണിച്ചെങ്കിലും രാത്രി വളരെ വൈകി ബന്ധുക്കൾ എത്തുംവരെ പോലീസുദ്യോഗസ്ഥയായ കെ.ജലജ ഡ്യൂട്ടിക്കിടെ അവളെ വേണ്ടവിധം സംരക്ഷിച്ചു. കുറച്ചുസമയമേ കഴിയാനായുള്ളൂവെങ്കിലും അവൾക്ക് വീടിനേക്കാൾ ഇഷ്ടപ്പെട്ട ഇടമായി മാറിയിരുന്നു പന്തളം പോലീസ് സ്‌റ്റേഷൻ. രാത്രി ഒൻപതുമണിയോടെ കുട്ടിയെ ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോയി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe