കോഴിക്കോട്:വെങ്ങളം – രാമനാട്ടുകര 28.4 കിലോമീറ്റർ ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി പൂർത്തിയാക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. അനുവദിച്ച സമയമനുസരിച്ചു മേയ് 27നാണ് പാത നിർമാണം പൂർത്തിയാകേണ്ടത്. ഇന്നലെ വരെ 96% നിർമാണം പൂർത്തിയായി. മഴ തടസ്സപ്പെടുത്തിയില്ലെങ്കിൽ നിശ്ചിത സമയപരിധിക്കകം പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്നാണു കണക്കാക്കുന്നത്. മേയ് 10നു മഴ തുടങ്ങുമെന്നാണു പ്രവചനം. നേരത്തെ മഴ പെയ്താലും പെയ്ന്റിങ്, ലൈറ്റ് സ്ഥാപിക്കൽ പോലുള്ള ജോലി മാത്രമേ ശേഷിക്കൂ.
കോരപ്പുഴ പാലം നിർമാണമാണ് ഇനി ശേഷിക്കുന്ന പ്രധാന പ്രവൃത്തി. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഈ പാലത്തിന്റെ അവസാന കോൺക്രീറ്റിങ് പൂർത്തിയാകും. അതോടെ ദേശീയപാതയുടെ നിർമാണം 98% പൂർത്തിയാകും. 5 സ്പാനുകളുടെ കോൺക്രീറ്റിങ് ആണ് 2 ദിവസങ്ങളിലായി നടക്കുന്നത്. ഒരു മാസത്തിനകം ഈ പാലം ഗതാഗതത്തിനു തുറക്കാനാകും. അറപ്പുഴ പാലമാണു തുറക്കാനുള്ള മറ്റൊരു പാലം. കോൺക്രീറ്റിങ് പൂർത്തിയായ അറപ്പുഴ പാലത്തിൽ ഭാരപരിശോധന നടക്കുകയാണ്. 10 ദിവസത്തിനകം ഇതും തുറക്കാനാകും. ടോൾ ബൂത്ത് നിർമാണമാണ് ശേഷിക്കുന്ന മറ്റൊരു പ്രധാന പ്രവൃത്തി. ഇതും അന്തിമഘട്ടത്തിലാണ്.
നിർമാണ പ്രവൃത്തി തുടങ്ങിയത് 2021ൽ
ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി 2018ൽ കരാർ നൽകിയതു പ്രകാരം 2020ൽ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ, നിർമാണം തുടങ്ങിയതു തന്നെ 2021 ഏപ്രിൽ 18നാണ്. ഇതുപ്രകാരം 2024 ജനുവരിയിൽ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും അതും നടപ്പായില്ല. തുടർന്ന് 2024 ഡിസംബറിലേക്കും ഏറ്റവുമൊടുവിൽ 2025 മേയ് 27ലേക്കും സമയം നീട്ടിക്കൊടുത്തു. 13.5 മീറ്റർ വീതം വരുന്ന 2 പാതകളായാണ് 27 മീറ്റർ വീതിയിൽ ദേശീയപാത ആറുവരിയാക്കുന്നത്. മധ്യത്തിൽ 60 സെന്റിമീറ്ററിലാണു മീഡിയൻ. ഇരുഭാഗത്തും 50 സെന്റിമീറ്റർ വീതിയിൽ കോൺക്രീറ്റ് മതിൽ ബൈപാസിന് അതിരിടും. അതിനു പുറത്താണ് അഴുക്കുചാലിനൊപ്പം 6.75 മീറ്റർ വീതിയിൽ സർവീസ് റോഡും.