മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ ചിത്രങ്ങള്‍ പുനര്‍ജനിക്കുന്നു

news image
Apr 23, 2025, 1:23 pm GMT+0000 payyolionline.in

കൊയിലാണ്ടി: നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു. ഏതാണ്ട് 5,000 വര്‍ഷത്തോളം പഴക്കം ഈ ക്ഷേത്രത്തിനുണ്ട്. വട്ട ശ്രീകോവിലും ഇടനാഴിയും തട്ട് ശ്രീകോവിലുമാണ് ഇവിടെയുളളത്. ശ്രീകോവിലിന് ചുറ്റും ഏറെ പഴക്കമുളള ചുമര്‍ ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവ ഏറെക്കുറെ നശിച്ച നിലയിലായിരുന്നു. ഇരുനിലകളായുള്ള വട്ട ശ്രീകോവിലില്‍ പഞ്ചാരങ്ങള്‍ ഉള്‍പ്പെടെ പൗരാണിക രീതിയില്‍ തന്നെ പുനരുദ്ധാരണം നടക്കുകയാണ്. പുരാണകഥകളെ ആസ്പദമാക്കി മുപ്പതോളം ചിത്രങ്ങളും മറ്റ് അലങ്കാരങ്ങളുമാണ് വരയ്ക്കുന്നത്. ശ്രീകോവിലിന് മുകളിലും താഴെയുമായാണ് ചുമര്‍ചിത്രങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്.

വിഷ്ണു കല്‍പ്പം,ദേവി കല്‍പ്പം, ശിവകല്‍പ്പം, നാനാകല്‍പം എന്നിങ്ങനെ ശ്രീകോവിലിന്റെ എല്ലാ ദിക്കിലും ചിത്രങ്ങള്‍ വരയ്ക്കുന്നുണ്ട് . ലക്ഷ്മി നരസിംഹം, ലക്ഷ്മി നാരായണന്‍, ഗരുഡന്‍, ശ്രീകാരാഷ്ടകം, ധന്വന്തരി, ശ്രീരാമ പട്ടാഭിഷേകം , കാളിയമര്‍ദ്ദനം ,രാസലീല ,ബ്രഹ്മാവ് , ത്രിപുരസുന്ദരി, ദുര്‍ഗ, സരസ്വതി, ദക്ഷിണാമൂര്‍ത്തി, വേട്ടക്കാരന്‍ പ്രദേഷനൃത്തം എന്നിവ ചുമര്‍ചിത്രത്തിലെ വിഷയങ്ങളാണ്. മെയ് പകുതിയാകുമ്പോള്‍ ചുമര്‍ ചിത്രങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. കേരളീയ പാരമ്പര്യ ചുമര്‍ചിത്രക്കാരന്‍ നവീന്‍ കുമാറിന്റെ നേതൃത്വത്തില്‍ ചിത്രകാരന്മാരായ സജു മഞ്ചേരി ,കുഞ്ഞന്‍ മണാശ്ശേരി ,സുനില്‍ ഗുരുവായൂര്‍ ,വിജീഷ് തുടങ്ങിയവരും നിരവധി കലാ വിദ്യാര്‍ഥികളും ചിത്രരചനയില്‍ പങ്കാളികളാണ്. മെയ് മാസത്തില്‍ ചുമര്‍ ചിത്ര സമര്‍പ്പണം നടക്കുമെന്ന് ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ് രവി തേജസ്, സെക്രട്ടറി കൈപ്പുറത്ത് കുനി കെ.കെ.ബാലന്‍ എന്നിവര്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe