ന്യൂഡൽഹി: ചൊവ്വാഴ്ച കശ്മീരിലെ പഹൽഗാമിലെ പുൽമേട്ടിൽ എത്തിയ ശേഷം തീവ്രവാദികൾ ആദ്യം വിനോദസഞ്ചാരികളെ തോക്കിൻ മുനയിൽ ബന്ദികളാക്കി. തുടർന്ന് എല്ലാ സ്ത്രീകളോടും കുട്ടികളോടും മാറി നിൽക്കാൻ ആവശ്യപ്പെട്ടു. തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടതിന് ശേഷം അവർ പോയന്റ് ബ്ലാങ്കിൽ
വെടിയുതിർക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. എ.കെ -47, അമേരിക്കൻ നിർമ്മിത എം-4 കാർബൈൻ തോക്കുകളുമായിട്ടായിരുന്നു തീവ്രവാദികൾ എത്തിയത്. ആക്രമണം ഏകദേശം 20-25 മിനിറ്റ് നീണ്ടുനിന്നു. തീവ്രവാദി സംഘത്തിലെ നാലുപേർ മുഖം മറച്ചിരുന്നതായും ആക്രമണം സംബന്ധിച്ച പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നു.
രണ്ട് തീവ്രവാദികളുടെ കൈവശം എം-4 കാർബൈൻ തോക്കുകളും മറ്റ് രണ്ട് പേരുടെ കൈവശം എ.കെ -47 തോക്കുകളും ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ 29 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലത്ത് നിന്ന് 70ലധികം ഉപയോഗിച്ച വെടിയുണ്ടകൾ കണ്ടെടുത്തിട്ടുണ്ട്. അതിനിടെ, ജമ്മു-കശ്മീർ പൊലീസിൽ നിന്ന് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൈമാറാൻ കേന്ദ്രം ആലോചിക്കുന്നു. ഇരകളുടെയും ദൃക്സാക്ഷികളുടെയും മൊഴി അനുസരിച്ച് വിദേശ പൗരന്മാരെന്ന് കരുതുന്ന രണ്ടു പേർ ഉൾപ്പെടെ നാല് തീവ്രവാദികൾ ശരീരം ആകെ മൂടുന്ന വസ്ത്രം ധരിച്ചാണ് എത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് ചില വിനോദസഞ്ചാരികളോട് വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ പറഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു. കൊലപാതകങ്ങൾക്ക് ശേഷം തീവ്രവാദികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
ഭീകരർ കിഷ്ത്വാറിൽ നിന്ന് അതിർത്തി കടന്ന് കൊക്കർനാഗ് വഴി ബൈസാരണിൽ എത്തിയത് അവരുടെ പ്രാദേശിക സംഘാംങ്ങളുടെ സഹായത്തോടെയാണെന്ന് അധികൃതർ പറഞ്ഞു.