കോഴിക്കോട് ബീച്ചിൽ വെൻഡിങ് സോൺ ഒരുമാസത്തിനകം; 90 കച്ചവടക്കാരെ മാറ്റും

news image
Apr 22, 2025, 1:33 pm GMT+0000 payyolionline.in

കോഴിക്കോട് ∙ ബീച്ചിലെ വെൻഡിങ് സോൺ നിർമാണത്തിലെ തടസ്സം പരിഹരിച്ചു, പ്രവൃത്തി പുരോഗമിക്കുന്നു. ജലവിതരണത്തിനുള്ള പ്രത്യേക പൈപ്പ് ലഭിക്കാതെ വന്നതായിരുന്നു നിർമാണത്തിലെ തടസ്സം. പൈപ്പ് ലഭ്യമാക്കി പ്രവൃത്തി പുനരാരംഭിച്ചു. ബീച്ചിൽ നേരത്തെ ഉണ്ടായിരുന്ന ഉന്തുവണ്ടി കച്ചവടക്കാരെയാണു വെൻഡിങ് സോണിലേക്കു മാറ്റുന്നത്.

നേരത്തെ റോഡരികത്തു കച്ചവടം ചെയ്തിരുന്നവരെ താഴെ ബീച്ചിലേക്കു മാറ്റിയിട്ടുണ്ട്. 90 കച്ചവടക്കാരെയാണു വെൻഡിങ് സോണിലേക്കു മാറ്റുക. അതിനായി 90 ജലവിതരണ കണക്‌ഷൻ എടുക്കണം. അതുപോലെ 90 വൈദ്യുതി കണക്‌ഷനും എടുക്കണം. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. അതു കഴിഞ്ഞാൽ കോൺക്രീറ്റ് ചെയ്തു ടൈൽ വിരിക്കും. തുടർന്നു ഒരേ മാതൃകയിൽ നിർമിച്ച 90 കടകൾ സ്ഥാപിക്കും.

കടകളുടെ നിർമാണം ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസിൽ ഏതാണ്ടു പൂർത്തിയായിട്ടുണ്ടെന്നു കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ പി.ദിവാകരൻ പറഞ്ഞു. ഒരു മാസത്തിനകം വെൻഡിങ് സോൺ പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe